അഹമ്മദാബാദ് : ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ എന്നത് ലോകം അംഗീകരിച്ച തത്വമാണ്. ഒരാൾ ഒരു യുദ്ധത്തിൽ വിജയം നേടുമ്പോൾ മറുവശത്ത് മറ്റൊരാൾ പരാജയം ഏറ്റുവാങ്ങുന്നു. ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനായി യുവ ഇന്ത്യൻ താരം റിങ്കു സിങ് സംഹാര താണ്ഡവമാടിയപ്പോൾ മറു വശത്ത് ഹൃദയം തകർന്നപോലെ നിരാശനായി നിന്നതും ഒരു ഇന്ത്യൻ താരമായിരുന്നു. ഗുജറാത്തിന്റെ യുവ പേസർ യഷ് ദയാൽ. ദയാലിന്റെ അവസാന ഓവറിലെ അഞ്ച് പന്തുകൾ ഗ്യാലറിയിലെത്തിച്ചാണ് റിങ്കു സിങ് അപ്രാപ്യമായിരുന്ന വിജയം കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്. കൊൽക്കത്ത വിജയം ആഘോഷിക്കുമ്പോൾ സങ്കടം ആരും കാണാതിരിക്കാൻ കയ്യിലെ തൂവാല കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു യഷ് ദയാൽ.
നാല് ഓവറുകൾ പന്തെറിഞ്ഞ യഷ് ദയാൽ വിട്ടുകൊടുത്തത് 69 റൺസാണ്. ഒടുവിൽ ദയാലിന് ആശ്വാസ വാക്കുകളുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഔദ്യോഗിക സമൂഹ മാദ്ധ്യമത്തിലാണ് യഷ് ദയാലിനുള്ള ചെറുകുറിപ്പ് കൊൽക്കത്ത പങ്കുവച്ചത്.
‘‘ഇതൊരു മോശം ദിവസമാണെന്നു കരുതിയാൽ മതി. ലോകത്തിലെ മികച്ച താരങ്ങൾക്കുവരെ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. നിങ്ങളൊരു ജേതാവാണ്. നിങ്ങൾക്കു ശക്തമായി തിരിച്ചുവരാൻ സാധിക്കും.’’– കൊൽക്കത്ത ഫെയ്സ്ബുക്കിൽ കുറിച്ചു. ദയാലിന്റെ ചിത്രമടക്കം പങ്കുവച്ചാണു കൊൽക്കത്തയുടെ പ്രതികരണം.

