കൊച്ചി : വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം സമ്മേളനം നടത്തിയ സംഭവത്തിൽ ഡിജിപി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും വഞ്ചിയൂർ സംഭവം അറിഞ്ഞ ഉടനെ തന്നെ ഇടപെട്ടെന്നും ഡിജിപി വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിൽ മാർഗതടസം സൃഷ്ടിച്ച സിപിഐ സമരത്തിനെതിരെയും കേസെടുത്തിരുന്നു. കൂടുതൽ നടപടിക്ക് നിർദേശം നൽകി പുതിയ സർക്കുലർ ഇറക്കുമെന്നും ഡിജിപി അറിയിച്ചു.
അതേസമയം റോഡ് അടച്ചുള്ള സിപിഎം ഏരിയ സമ്മേളനത്തിൽ സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി . റോഡ് കുത്തിപ്പൊളിച്ചാണ് പൊതുസമ്മേളനത്തിന്‍റെ സ്റ്റേജിന് കാൽ നാട്ടിയതെങ്കിൽ കേസ് വേറെയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ വഴി തടഞ്ഞാണ് ജോയിന്‍റ് കൗണ്‍സിലിന്‍റെ സമരം നടന്നത്. എങ്ങനെയാണ് ഇത്തരം പരിപാടികൾക്ക് സ്റ്റേജ് കെട്ടുക. ഇത്തരം പ്രവൃത്തികൾക്ക് ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴിയിൽ സിപിഎം ഏരിയ സമ്മേളനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹർജി നൽകിയത്.
യാത്രാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് റോഡ് തടഞ്ഞുള്ള പരിപാടിയെന്ന് നിരീക്ഷിച്ച കോടതി, ഹൈക്കോടതിയുടെ തന്നെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ പൊലീസും സർക്കാരും കാണിക്കുന്ന അലംഭാവത്തെയും കോടതി വിമർശിച്ചു. ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ പുറപ്പെടുവിപ്പിച്ച സർക്കുലറുകൾ കോൾഡ് സ്റ്റോറേജിലാണോ എന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിയോടും സിറ്റി പൊലീസ് കമ്മീഷണറോടും ഹൈക്കോടതി വിശദീകരണം തേടി. വ്യാഴാഴ്ച സ്റ്റേഷൻ ഹൗസ് ഓഫീസർ മതിയായ രേഖകൾ സഹിതം കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഡിവിഷൻ ആവശ്യപ്പെട്ടു.

