Sunday, December 21, 2025

റോഡ് ഷോ നടത്തിയത് അനുമതിയില്ലാതെ!! റാലിക്കെത്താൻ വൈകിയത് മനഃപൂർവ്വം; കരൂര്‍ ദുരന്തത്തിലെ എഫ്‌ഐആറിൽ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

ചെന്നൈ : കരൂര്‍ ദുരന്തത്തിൽ പോലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അദ്ധ്യക്ഷൻ വിജയ്‌ക്കെതിരെ ഗുരുതര ആരോപണം. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാല് മണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. നാമക്കലില്‍ എട്ടേമുക്കാലിന് എത്തിച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മണിക്കൂറുകള്‍ വൈകിയാണ് വിജയ് പരിപാടിയിൽ എത്തിച്ചേര്‍ന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു വിജയ്‌യെ കൂടാതെ എന്‍. ആനന്ദ്, സീതി നിര്‍മല്‍കുമാര്‍, മതിയഴകന്‍ എന്നിവരുടെ പേരുകളാണ് എഫ്‌ഐആറിലുളളത്. ഇവര്‍ക്ക് സമന്‍സ് അയക്കുമെന്നാണ് വിവരം.

വിജയ്‌യെ കാണാനെത്തിയവര്‍ ബലം കുറഞ്ഞ മരച്ചില്ലകളിലും വീടുകളുടെ സണ്‍ഷേഡുകളിലും കയറി നിന്നിരുന്നു. മരച്ചില്ല പൊട്ടി വീഴുന്ന അവസ്ഥ ഉണ്ടായതായും കൂടുതല്‍ ആളുകള്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകയറാന്‍ ശ്രമിച്ചതും അപകടകാരണമായി എന്നും പരാമര്‍ശമുണ്ട്.

അനുമതിയില്ലാതെയാണ് കരൂരിൽ റോഡ്‍ ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതെന്നും അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിലുണ്ട്.

ദുരന്തത്തിൽ 41 പേരാണ് മരിച്ചത്. കരൂരിൽ ശനിയാഴ്ച നടന്ന പരിപാടിയിൽ വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഉച്ചയോടെ വിജയ് കരൂരിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താൻ ആറേഴ് മണിക്കൂർ വൈകിയെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles