വര്‍ക്കലയില്‍ വീട്ടുകാരെ ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി നൽകി മയക്കിക്കിടത്തി കവർച്ച നടത്തിയ സംഭവത്തിൽ അറസ്റ്റിലായ നേപ്പാൾ സ്വദേശിയായ പ്രതി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു. പ്രതികളിലൊരാളായ രാംകുമാർ ആണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. വൈകുന്നേരം നാലുമണിയോടെ വർക്കല കോടതിയിൽ ഹാജരാക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനടി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കേസിൽ പ്രതികളായ രാം കുമാറും ജനക് ഷായും ബുധനാഴ്ചയാണ് അറസ്റ്റിലായത്. വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങി അവശനായ നിലയിൽ നാട്ടുകാരാണ് രാം കുമാറിനെ അയിരൂര്‍ പോലീസിന് കൈമാറിയത്.
ചൊവാഴ്ച രാത്രിയാണ് 15 ദിവസം മുമ്പ് ജോലിയിൽ പ്രവേശിച്ച നേപ്പാൾ സ്വദേശിനിയായ വീട്ടുജോലിക്കാരിയുടെ സഹായത്തോടെ രാംകുമാറും സംഘവും കവർച്ച നടത്തിയത്. ഹരിഹരപുരം എല്‍.പി. സ്‌കൂളിന് സമീപത്തെ വീട്ടില്‍ 74-കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്‌സായ സിന്ധുവുമായിരുന്നു താമസിച്ചിരുന്നത്. ഇവരെ മൂന്നുപേരേയും മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും അപഹരിക്കുകയായിരുന്നു. കേസിൽ വീട്ടുജോലിക്ക് നിന്ന് യുവതിയടക്കം മൂന്ന് പേരെ ഇനി കണ്ടെത്തേണ്ടതുണ്ട്.

