കൊച്ചി: നഗരത്തിലെ സ്റ്റീൽ കമ്പനിയിൽ നിന്ന് പട്ടാപ്പകല്‍ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിൽ. കവര്‍ച്ചയില്‍ സഹായിച്ച മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേരുമാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവര്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച രണ്ട് വണ്ടികളും കസ്റ്റഡിയില്‍ എടുത്തു. കുണ്ടന്നൂരില്‍ അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്റ്റീല്‍ മൊത്തവിതരണ കേന്ദ്രത്തില്‍ ഇന്നലെ വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ കവർച്ച.
കവര്‍ച്ചയുടെ ഇടനിലക്കാരന്‍ സജി, സ്റ്റീല്‍ കമ്പനിയില്‍ സജിക്കൊപ്പം എത്തിയ വിഷ്ണു, പിന്നെ ഇവരെ സഹായിച്ച മൂന്ന് പേരുമാണ് കസ്റ്റഡിയിലായവര്‍. മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച പണവും കണ്ടെത്തിയിട്ടില്ല. തോക്ക് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ് . സുബിന്‍ എന്നയാളുടെ പക്കല്‍ നിന്നാണ് 80 ലക്ഷം രൂപ കവര്‍ന്നത്. ഈ 80 ലക്ഷത്തിന്റെ ഉറവിടം അന്വേഷിച്ചു വരികയാണ്

