ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാല് റെയിൽവേ കരാർ ശുചീകരണ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം തുടങ്ങി. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് തട്ടി തമിഴ്നാട് സ്വദേശികളായ നാല് റെയിൽവേ കരാർ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാട് സേലം വിഴിപുരം സ്വദേശികളായ വള്ളി, റാണി, ലക്ഷ്മണൻ എന്ന് പേരുള്ള രണ്ട് പേർ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹം കിട്ടി. കൊച്ചിൻ പാലത്തിൽ വെച്ച് വൈകുന്നേരം 3.05ഓടെയാണ് ദുരന്തമുണ്ടായത്. പത്ത് പേരാണ് ശുചീകരണ സംഘത്തിലുണ്ടായിരുന്നത്. മറ്റ് ആറ് പേരും ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം.
ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെ പാലത്തിൽ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ട്രെയിൻ വന്നപ്പോള്‍ ട്രാക്കിൽ നിന്ന് മാറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. ഇവര്‍ക്കൊപ്പം കൂടുതൽ പേരുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ വ്യക്തമായിട്ടില്ല. മൂന്നുപേരുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാലാമത്തെ ആളിനായി പുഴയിൽ തെരച്ചിൽ നടത്തുകയാണ്. ഭാരതപ്പുഴക്ക് കുറുകെ ഷൊർണൂരിലെ ചെറുതുരുത്തിയിലാണ് കൊച്ചിൻ പാലമുള്ളത്.സംഭവസ്ഥലത്ത് വെച്ച് തന്നെ നാലുപേരും മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

