ദില്ലി: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ നൂറാം വാർഷിക ആഘോഷങ്ങളിലേക്ക് പാകിസ്ഥാൻ, തുർക്കി, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനം. മറ്റ് പല രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെയും ക്ഷണിക്കുന്ന സമയത്താണ് ഈ മൂന്ന് രാജ്യങ്ങളെ ഒഴിവാക്കിയത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം എന്നാണ് ആർഎസ്എസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ദില്ലിയിൽ ഓഗസ്റ്റ് 26 മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംവാദ പരിപാടികളോടെയാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ആർഎസ്എസ് മേധാവി ഡോ .മോഹൻ ഭാഗവത് നയിക്കുന്ന ഈ പരിപാടിയിൽ രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികൾ, കായിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും.
ചില രാജ്യങ്ങളെ മാത്രം ഒഴിവാക്കിയതിനെക്കുറിച്ച് ആർഎസ്എസ് പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ പ്രതികരിച്ചു. നിരവധി എംബസികളുമായി ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്, പക്ഷേ നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാനെ ക്ഷണിക്കില്ല, എന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിനെയും തുർക്കിയെയും ക്ഷണിക്കുന്നില്ലെന്ന് ആർഎസ്എസ് വൃത്തങ്ങൾ സൂചിപ്പിച്ചു. പാകിസ്ഥാനുമായുള്ള നിലവിലെ നയതന്ത്രപരമായ പ്രശ്നങ്ങളും, തുർക്കി പാകിസ്ഥാനുമായി സഹകരിക്കുന്നത് കാരണവുമാണ് ഈ രാജ്യങ്ങളെ ഒഴിവാക്കിയതെന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഒഴിവാക്കാൻ കാരണമായിട്ടുണ്ട്.അതേസമയം നൂറാം വാർഷികത്തിന്റെ ഭാഗമായി നാല് പ്രധാന നഗരങ്ങളിൽ ആർഎസ്എസ് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഡൽഹിക്ക് പുറമെ ബെംഗളൂരു, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലും പരിപാടികൾ നടക്കും. “ഒരു നൂറ്റാണ്ട് കാലത്തെ ആർഎസ്എസിന്റെ യാത്ര, രാഷ്ട്രനിർമ്മാണത്തിലെ പങ്ക്, ഭാവിയിലേക്കുള്ള കാഴ്ചപ്പാട്” എന്നിവയെക്കുറിച്ചായിരിക്കും ഈ സംവാദങ്ങളിൽ പ്രധാനമായും ചർച്ച ചെയ്യുക.അതേസമയം, പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെയും, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ളവരെയും പരിപാടികളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി സംവദിക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നതെന്നും, രാജ്യത്തിന്റെ വികസന യാത്രയിൽ എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുനിൽ അംബേക്കർ കൂട്ടിച്ചേർത്തു.

