ദില്ലി: സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആർ എസ്സ് എസ്സിന്റെ നൂറുവർഷത്തെ രാഷ്ട്രസേവനം അഭിമാനകരമായ സുവർണ്ണ അദ്ധ്യായമാണ്. ഭാരതാംബയുടെ ക്ഷേമം ലക്ഷ്യമാക്കി വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്ര നിർമ്മാണം എന്ന ദൃഢനിശ്ചയത്തോടെ സ്വയംസേവകർ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി അവരുടെ ജീവിതം സമർപ്പിച്ചു. ആർ എസ്സ് എസ്സ് ലോകത്തിലെ ഏറ്റവുംവലിയ സർക്കാരിതര സംഘടനയാണെന്നും അതിന് നൂറുവർഷത്തെ സമർപ്പണത്തിന്റേതായ ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ചെങ്കോട്ട പ്രസംഗത്തിൽ ആർ എസ്സ് എസ്സിനെ പരാമർശിക്കുന്നത്.
1925 ൽ പ്രവർത്തനമാരംഭിച്ച ആർ എസ്സ് എസ്സ് അതിന്റെ നൂറാം വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2025 വിജയദശമി മുതൽ 2026 വിജയദശമി വരെയാണ് വ്യത്യസ്തമായ പരിപാടികളോടെ നൂറാം വാർഷികാഘോഷം. ഡോ കേശവ് ബൽറാം ഹെഡ്ഗേവാർ ആണ് സംഘത്തിന്റെ സ്ഥാപകൻ. നാഗ്പൂരിൽ പ്രവർത്തനമാരംഭിച്ച സംഘടനയ്ക്ക് ഭാരതമൊട്ടുക്കും ശാഖകളുണ്ട്. വിദേശരാജ്യങ്ങളിലും സംഘത്തിന്റെ പ്രവർത്തനമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ തുടർച്ചയായ പന്ത്രണ്ടാമത് ചെങ്കോട്ട പ്രസംഗമാണ് ഇന്ന് നടത്തിയത്. ഭാരതത്തിന് നേരെ ആണവ ഭീഷണി മുഴക്കുന്ന പാകിസ്ഥാനും വ്യാപാരയുദ്ധ ഭീഷണി മുഴക്കുന്ന അമേരിക്കയ്ക്കും അദ്ദേഹം തന്റെ പ്രസംഗത്തിൽ മറുപടി നൽകി. സൈനിക ശക്തികൊണ്ടും ആത്മനിർഭരതകൊണ്ടും രാജ്യം ഭീഷണികൾ മറികടക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു

