കൊച്ചി: ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ വിദ്യാഭ്യാസ സമ്മേളനമായ ജ്ഞാനസഭയ്ക്ക് ഇന്ന് തുടക്കമാകും. ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആസ്ഥാനമായ പിറവം വെളിയനാട് ആദിശങ്കരനിലയമാണ് ഇത്തവണ ജ്ഞാനസഭയ്ക്ക് വേദിയാകുന്നത്.
ജ്ഞാനസഭയുടെ ഭാഗമായി ഇന്നും നാളെയും നടക്കുന്ന ദേശീയ ചിന്തന്‍ ബൈഠക്കില്‍ വിദ്യാഭ്യാസ മേഖലയില്‍ ഹ്രസ്വവും ദീര്‍ഘവുമായ കാലയളവില്‍, ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സംഘടനാപരമായ പദ്ധതികള്‍ വിശദമായി ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തും. ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളിലേയും ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ സംയോജകരും തെരഞ്ഞെടുത്ത പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും ആദിശങ്കര നിലയത്തില്‍ നടക്കുന്ന ബൈഠക്കില്‍ പ്രതിനിധികളായി പങ്കെടുക്കും.
അതെ സമയം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കൊച്ചിയിലെത്തി. നെടുമ്പാശേരിയില്‍ ഇന്നലെ രാത്രി 7.30 ന് അദ്ദേഹം വിമാനമിറങ്ങി. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ ഡോ. എൻ.സി. ഇന്ദുചൂഡൻ, ആര്‍ എസ് എസ് ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദർശനൻ എന്നിവര്‍ സ്വീകരിച്ചു. ഇന്ന് രാവിലെ നടന്ന ചിന്തന്‍ ബൈഠക്കില്‍ അദ്ദേഹം പങ്കെടുത്തു .

