നാഗ്പുർ: നേപ്പാളുൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെ പ്രശ്നങ്ങളിൽ പരോക്ഷ പ്രതികരണവുമായി ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻജി ഭാഗവത് . മനുഷ്യരും രാജ്യങ്ങളും തങ്ങളുടെ യഥാർത്ഥ സ്വത്വത്തെ തിരിച്ചറിയുന്നതുവരെ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുമെന്ന് മോഹൻജി ഭാഗവത് പറഞ്ഞു. നാഗ്പൂരിലെ ബ്രഹ്മകുമാരീസ് വിശ്വ ശാന്തി സരോവറിന്റെ ഏഴാമത് സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ആത്മീയ പ്രസ്ഥാനമായ ബ്രഹ്മകുമാരീസിനെപ്പോലെ ആർഎസ്എസും ആന്തരിക അവബോധം ഉണർത്താൻ പ്രവർത്തിക്കുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
“മനുഷ്യരും രാജ്യങ്ങളും തങ്ങളുടെ യഥാർത്ഥ സ്വത്വം മനസ്സിലാക്കുന്നതുവരെ, അവർ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടേയിരിക്കും. നാം അനുകമ്പ കാണിക്കുകയും ഭയത്തെ അതിജീവിക്കുകയും ചെയ്താൽ നമുക്ക് ശത്രുക്കളുണ്ടാകില്ല. ഭാരതം മഹത്തായ രാജ്യമാണ്. ഭാരതീയർ മഹത്വമുള്ളവാരാകാനായി പരിശ്രമിക്കണം. ഭാരതം വളരുകയും പുരോഗമിക്കുകയും ചെയ്യുമ്പോൾ തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് മറ്റുള്ളവർ ചിന്തിക്കുകയാണെങ്കിൽ തീരുവ പോലുള്ള പ്രശ്നങ്ങൾ ഉയർന്നു വരും. മനുഷ്യർ തങ്ങളുടെ മനോഭാവം “ഞാൻ” എന്നതിൽ നിന്ന് “നമ്മൾ” എന്നതിലേക്ക് മാറ്റുകയാണെങ്കിൽ, എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ലോകം പരിഹാരങ്ങൾക്കായി കാത്തിരിക്കുകയാണ്.”- മോഹൻജി ഭാഗവത് പറഞ്ഞു

