തൃശ്ശൂർ ;കുന്നംകുളം കീഴൂർ സ്വദേശി രുഗ്മിണിയെ ആണ് കഴിഞ്ഞ ദിവസം മകൾ ഇന്ദുലേഖ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസിന് നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചു.പ്രതി ഇന്ദുലേഖയുടെ ഫോൺ ഹിസ്റ്ററിയിൽ നിന്നാണ് കൊലപാതക വിവരങ്ങൾ ലഭിച്ചത്.എങ്ങനെ വിഷം കൊടുത്ത് കൊല്ലാം എന്നതിനെ കുറിച്ചും വിഷം ഉള്ളിൽ ചെന്നാൽ എന്തൊക്കെ ലക്ഷണങ്ങൾ കാണിക്കും എന്നതിനെ കുറിച്ചും ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നു.ഈ വിവരങ്ങൾ ആണ് കൊലപാതകത്തിന്റെ നിർണ്ണായക തെളിവുകൾ കണ്ടെത്താൻ വഴി ഒരുക്കിയത്.ഇത് പ്രകാരമാണ് ഇന്ദുലേഖ കുന്നംകുളത്തെ കടയിൽ നിന്നും എലിവിഷം വാങ്ങിക്കുവാൻ തീരുമാനിച്ചത്.തെളിവെടുപ്പിൽ അവശേഷിച്ച ഗുളിക പാക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്.
വിഷം കൊടുത്തതിന് ശേഷം അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ഇന്ദുലേഖ തന്നെയാണ്. അമ്മയ്‌ക്ക് തുടർച്ചയായി ഛർദ്ദിയാണെന്നും, മഞ്ഞപ്പിത്തമുണ്ടെന്നുമാണ് ആശുപത്രിയിൽ പറഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നാം ദിവസമാണ് രുഗ്മിണി മരിക്കുന്നത്. വിഷം ഉള്ളിൽ ചെന്ന് ദിവസങ്ങളായിട്ടുണ്ടാകാമെന്നാണ് രുഗ്മിണിയെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിലാണ് വിഷം ഉള്ളിൽ ചെന്നതാണെന്ന് കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് കൊലപാതക സാധ്യതകള്‍ പരിശോധിച്ചത്.
ഇന്ദുലേഖയുടെ മകന്റെ കൈവശം എലിവിഷം കണ്ടതായി അച്ഛൻ പോലീസിന് മൊഴി നൽകിയിരുന്നു . എലിവിഷത്തിന്റെ പായ്‌ക്കറ്റ് കളയാൻ ഇന്ദുലേഖ മകനെ ഏൽപ്പിച്ചിരുന്നു. മകൻ ഇത് മുത്തച്ഛനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും, ഫോൺ വാങ്ങിയുള്ള പരിശോധനയിൽ പോലീസിന് കൃത്യമായ തെളിവുകൾ ലഭിച്ചു. തുടർന്നാണ് ഇവർ കുറ്റം സമ്മതിച്ചത്. അതേസമയം മാതാപിതാക്കളെ അപായപ്പെടുത്താൻ രണ്ട് മാസം മുൻപും ഇന്ദുലേഖ ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനായി 20 ഡോളോ ഗുളികകൾ വാങ്ങിയെന്നും ഇന്ദുലേഖ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

