ഇസ്ലാമാബാദ് : മുൻ പാക് പ്രധാനമന്ത്രിയും തെഹ്‍രീക്-ഇ-ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം. എന്നാൽ ഈ റിപ്പോർട്ടുകൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ നിരവധി സമൂഹ മാദ്ധ്യമ അക്കൗണ്ടുകളാണ് ഇമ്രാൻ ഖാന്റെ കൊലപാതകത്തെക്കുറിച്ച് പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്.
“കസ്റ്റഡിയിലുള്ള ഇമ്രാൻ ഖാനെ അസിം മുനീറും അദ്ദേഹത്തിൻ്റെ ഐ.എസ്.ഐ ഭരണകൂടവും ചേർന്ന് കൊലപ്പെടുത്തി എന്ന് പഞ്ചാബി പാകിസ്ഥാനിലെ ജയിലിനുള്ളിൽ നിന്ന് റിപ്പോർട്ടുകൾ വരുന്നു. ഈ വിവരം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, അത് ഭീകരരെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ അന്ത്യമായിരിക്കും. സത്യം ലോകത്തിനു മുന്നിൽ വരുമ്പോൾ അവരുടെ അവസാനത്തെ നിയമസാധുതയും തകരാൻ തുടങ്ങും.”- ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം എക്‌സിൽ കുറിച്ചു.
2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ സന്ദർശിക്കുന്നതിന് കഴിഞ്ഞ ഏതാനും മാസങ്ങളായി അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. മരണവാർത്തകൾ പ്രചരിക്കുന്നതിനിടെ ചൊവ്വാഴ്ച ഇമ്രാൻ സന്ദർശിക്കാൻ എത്തിയ സഹോദരിമാർക്ക് പോലീസ് ക്രൂരമായ മർദനമേറ്റു എന്ന് ആരോപണമുണ്ട്. ഇമ്രാൻ ഖാന്റെ സഹോദരിമാരായ നുറീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർ പാർട്ടി അനുയായികൾക്കൊപ്പം അഡിയാല ജയിലിന് മുന്നിൽ തടിച്ചുകൂടിയപ്പോഴാണ് പോലീസ് ആക്രമിച്ചതായി ആരോപിച്ചത്.കൂടാതെ, ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി സുഹൈൽ അഫ്രീദിയെയും ഇമ്രാൻ ഖാനെ കാണാൻ ജയിൽ അധികൃതർ അനുവദിച്ചിട്ടില്ല. ഏഴ് തവണയാണ് അഫ്രീദിക്ക് സന്ദർശനാനുമതി നിഷേധിച്ചത്

