Saturday, December 20, 2025

മണ്ഡലകാലം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ശബരിമലയിൽ ഭക്തജനത്തിരക്കേറുന്നു; അവധി ദിവസങ്ങൾ ആരംഭിച്ചതോടെ സന്നിധാനം കയ്യടക്കി കുട്ടി അയ്യപ്പന്മാരും മാളികപ്പുറങ്ങളും; ശർക്കര ക്ഷാമം കാരണം പ്രസാദ വിതരണത്തിൽ നിയന്ത്രണം തുടരുന്നു

ശബരിമല: അവധി ദിവസങ്ങൾ ആരംഭിച്ചതോടെ മണ്ഡലകാലം അവസാനിക്കാനിരിക്കെ ശബരിമലയിൽ ഭക്തജനത്തിരക്കേറുന്നു. ഇന്നലെ 97000 പേരാണ് ശബരീശ ദർശനം നേടിയത്. ഇന്ന് രാവിലെ 08 മണിവരെ 31000 പേർ പതിനെട്ടാം പടി കയറിക്കഴിഞ്ഞു. ഇതിൽ 2600 പേർ കുട്ടികളാണ്. ദർശനത്തിനുള്ള ക്യു അപ്പാച്ചിമേട് വരെ നീളുന്നതിൽ മാറ്റമൊന്നുമില്ല. ഇന്ന് 88204 പേർ വിർച്വൽ ബുക്കിങ് നടത്തിയിട്ടുള്ളത്. സ്പോട്ട് ബുക്കിങ് കൂടി പരിഗണിക്കുമ്പോൾ ഇന്നും ഒരു ലക്ഷത്തിനടുത്ത് ഭക്തർ ദർശനം നേടും. പരമ്പരാഗത പാതയിലൂടെ എത്തുന്ന ഭക്തരുടെ എണ്ണവും വർദ്ധിക്കുകയാണ്.

ശബരിമലയിലുണ്ടായ ശർക്കര ക്ഷാമം ഇന്നലെ വിവാദമായിരുന്നു. ഇതിനെ തുടർന്ന് പ്രസാദ വിതരണത്തിൽ ഇന്നലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഒരാൾക്ക് 5 ബോട്ടിൽ അരവണ മാത്രമാണ് ഇന്നലെ വിതരണം ചെയ്തത്. നിയന്ത്രണം പൂർണ്ണമായും മാറ്റിയിട്ടില്ലെങ്കിലും ഇന്ന് ഒരാൾക്ക് 10 ബോട്ടിൽ എന്ന് ഇളവ് നൽകിയിട്ടുണ്ട്.

27 നാണ് മണ്ഡലപൂജ. മണ്ഡല പൂജയ്ക്കായുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചിട്ടുണ്ട്. 26 ന് ഉച്ചയോടെ തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തും. അവിടെ നിന്നും തങ്ക അങ്കി പ്രത്യേക പേടകങ്ങളിലാക്കി ഗുരുസ്വാമിമാർ തലയിലേന്തി നീലിമല, അപ്പച്ചിമേട്, ശബരീപീഠം വഴി വൈകിട്ട് അഞ്ച് മണിയോടെ ശരംകുത്തിയിൽ എത്തിക്കും. അവിടെ നിന്ന് ദേവസ്വം ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേയ്‌ക്ക് ആനയിക്കും. സന്നിധാനത്ത് എത്തിച്ചേർന്നാൽ ഉടൻ തന്നെ തന്ത്രിമാരും മേൽശാന്തിമാരും ചേർന്ന് പേടകം സ്വീകരിച്ച് ശ്രീകോവിലിലേയ്‌ക്ക് കൊണ്ടുപോകും.

Related Articles

Latest Articles