ദില്ലി: റഷ്യൻ സേനയുടെ യുക്രൈൻ അധിനിവേശത്തിനെതിരായ US ഉപരോധ പ്രഖ്യാപനത്തോട് പ്രതികരിച്ച് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ തലവൻ ദിമിത്രി റോഗോസിൻ. ട്വിറ്ററിലൂടെയയായിരുന്നു പ്രതികരണം.
‘ഞങ്ങളുമായുള്ള സഹകരണം നിങ്ങൾ തടഞ്ഞാൽ, ആരാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനെ അനിയന്ത്രിതമായ ഭ്രമണപഥത്തിൽ നിന്ന്, അത് അമേരിക്കയിലോ യൂറോപ്പിലോ വീഴുന്നതിൽ നിന്ന് രക്ഷിക്കുക? എന്നതാണ് ദിമിത്രി ട്വീറ്റ് ചെയ്തത്.
മറ്റൊരു ട്വീറ്റിൽ ഇന്ത്യയിലോ ചൈനയിലോ 500 ടൺ ഭാരമുള്ള ഈ ഘടന ഉപേക്ഷിക്കാനുള്ള അവസരമുണ്ടെന്നും ദിമിത്രി പറയുന്നു. ‘ഇത്തരമൊരു സാധ്യത ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഐഎസ്എസ് റഷ്യയ്‌ക്ക് മുകളിലൂടെ പറക്കുന്നില്ല, അതിനാൽ എല്ലാ അപകടസാധ്യതകളും നിങ്ങളുടേതാണ്’. -ട്വീറ്റിൽ പറയുന്നു.
അതേസമയം റഷ്യയുടെ ബഹിരാകാശ ഗവേഷണ വിക്ഷേപണ നിലയമായ റോസ്‌കോസ്‌മോസ് യൂറോപ്പിലെ എല്ലാ രാജ്യങ്ങളുമായി ഏർപ്പെട്ട കരാറുകൾ റദ്ദാക്കുകയാണ്. കൊയ്‌റോ കോസ്‌മോഡ്രോമിൽ നിന്നുള്ള റഷ്യയുടെ ഉപഗ്രഹങ്ങൾ ഇനി വിക്ഷേപിക്കില്ലെന്നും അറിയിച്ചു. ഫ്രഞ്ച് ഗ്വിയാനയിൽ നിന്നും വിക്ഷേപണം ഇനി നടത്തില്ലെന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കുള്ള സാങ്കേതിക സഹായങ്ങളും നിർത്തലാക്കുകയാണെന്നും റഷ്യ നേരത്തേ അറിയിച്ചിരുന്നു.
എന്നാൽ അമേരിക്ക, റഷ്യ, യൂറോപ്പ്, കാനഡ, ജപ്പാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ISS, രാജ്യങ്ങളുടെ ബഹിരാകാശ സഹകരണത്തിന്റെ ഉദാഹരണമാണ്. ഈ ബഹിരാകാശ നിലയം ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പത്തിന് തുല്യമാണ്. ഭൂമിയിൽ നിന്ന് ഏകദേശം 250 മൈൽ (400 കി.മീ) ഉയരത്തിലാണ് ഇത് പരിക്രമണം ചെയ്യുന്നത്.



