കീവ് : സ്വയം പ്രതിരോധത്തിനായി തങ്ങൾ നൽകിയ ആയുധങ്ങൾ റഷ്യക്കുള്ളിൽ യുക്രെയ്‌ന് ഉപയോഗിക്കാമെന്ന് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം. റഷ്യയുടെ അധീനതയിലുള്ള കർസ്ക് മേഖലയ്ക്കുള്ളിൽ യുക്രെയ്ൻ സൈനികർ പ്രവർത്തിക്കുന്നതായി പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയാണ് ആയുധങ്ങൾ പ്രയോഗിക്കാനുള്ള ബ്രിട്ടന്റെ അനുവാദവും യുക്രെയ്ന് ലഭിക്കുന്നത്. റഷ്യൻ വ്യോമ മേഖലയിൽ യുക്രെയ്ൻ വലിയ ഡ്രോൺ ആക്രമണവും നടത്തിയിരുന്നു
യുക്രെയ്നെ ലക്ഷ്യം വച്ച റഷ്യയുടെ 29 ഡ്രോണുകൾ തകർത്തതായി യുക്രെയ്ൻ വ്യോമസേനയും എയർക്രാഫ്റ്റ് മാതൃകയിലുള്ള 117 ഡ്രോണുകളും 4 മിസൈലുകളും തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ യുദ്ധം രൂക്ഷമായേക്കാനുള്ള സാധ്യതയാണ് ബ്രിട്ടന്റെ അനുവാദത്തോടെ പുറത്ത് വന്നിരിക്കുന്നത്.

