Sunday, December 14, 2025

താത്കാലിക അഭയത്തിനായി ഷേയ്‌ഖ് ഹസീന അനുമതി തേടിയത് ചുരുങ്ങിയ സമയത്തിനുള്ളിലെന്ന് എസ്. ജയ്‌ശങ്കര്‍ രാജ്യസഭയിൽ ! ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം നിരീക്ഷിക്കുന്നുവെന്നും ബിഎസ്എഫിന് അതീവജാഗ്രതാനിര്‍ദേശം നല്‍കിയതായും കേന്ദ്ര വിദേശകാര്യ മന്ത്രി

രാജി വച്ച മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്‌ഖ് ഹസീന താത്കാലിക അഭയത്തിനായി ചുരുങ്ങിയ സമയത്തിനുള്ളിലാണ് അനുമതി തേടിയതെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കര്‍. രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗ്ലാദേശില്‍ തുടരുന്ന തീവെപ്പും കൊള്ളയടിക്കലും കെട്ടിടങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കക്ഷിഭേദമന്യേ എല്ലാവര്‍ക്കും അക്രമ സംഭവങ്ങളില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

“സംവരണ വിരുദ്ധപ്രക്ഷോഭം വളര്‍ന്ന് ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന ഏക അജന്‍ഡയിലേക്ക് കേന്ദ്രീകരിച്ചു. ഇന്നലെ പ്രതിഷേധക്കാര്‍ നിരോധനാജ്ഞ ലംഘിച്ച് ധാക്കയില്‍ ഒത്തുകൂടി. സൈന്യവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീന രാജിവെച്ചത്. ചുരുങ്ങിയ സമയത്തില്‍ ഇന്ത്യയിലേക്ക് വരാന്‍ അനുമതി തേടുകയായിരുന്നു. 19,000 ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുള്ളത്. ഇതില്‍ 9,000-ത്തോളം വിദ്യാർത്ഥികളാണ് . ജൂലായില്‍ ഒരുസംഘം വിദ്യാർത്ഥികൾ തിരിച്ചെത്തിയിട്ടുണ്ട്. നിലവിലെ ഭരണകൂടം ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമിഷനുകള്‍ക്കും മറ്റ് നയതന്ത്രസ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിതിഗതികള്‍ സാധാരണമാവുമ്പോള്‍ നയതന്ത്രബന്ധം പഴയെപോലെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം നിരീക്ഷിച്ചുവരികയാണ്. ബിഎസ്എഫിന് അതീവജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ധാക്കയിലുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി വരികയാണ്.” – എസ് ജയ്‌ശങ്കര്‍ രാജ്യസഭയിൽ പറഞ്ഞു. എസ്. ജയ്‌ശങ്കറിന്റെ പ്രസ്താവനയ്ക്കുശേഷം പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ച തുടര്‍ന്നു.

Related Articles

Latest Articles