ദില്ലി :അഫ്ഗാനിസ്ഥാനിലെ ടെക്‌നിക്കൽ മിഷനെ പൂർണ്ണ എംബസിയായി ഉയർത്താൻ ഭാരതം തീരുമാനിച്ചു. താലിബാൻ 2021-ൽ അധികാരം പിടിച്ചടക്കിയതിന് ശേഷം നടന്ന ആദ്യത്തെ ഉന്നതതല നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി പങ്കെടുത്തു.
താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു മുന്നോടിയായിട്ടാണ് ഈ നീക്കം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അമീർ ഖാൻ മുത്താഖിയുടെ സന്ദർശനം നിർണായകമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അഭിപ്രായപ്പെട്ടു.
യു.എൻ. സുരക്ഷാ കൗൺസിൽ കമ്മിറ്റി നൽകിയ താത്കാലിക യാത്രാ ഇളവോടെയാണ് യു.എൻ. ഉപരോധമുള്ള അഫ്ഗാൻ താലിബാൻ നേതാക്കളിൽ ഒരാളായ അമീർ ഖാൻ മുത്താഖി ദില്ലിയിൽ എത്തിയത്. ചൈന, ഇന്ത്യ, പാകിസ്ഥാൻ , മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള അന്താരാഷ്ട്ര യോഗത്തിൽ മുത്താഖി റഷ്യയിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദർശനം.ചരിത്രപരമായി താലിബാനോട് വിരോധമുണ്ടായിരുന്നിട്ടും, ഇന്ത്യ താലിബാൻ ഭരണകൂടവുമായി ബന്ധം ദൃഢമാക്കുന്നതിലെ പ്രായോഗികമായ സമീപനമാണ് ഈ നീക്കത്തിലൂടെ വെളിവാക്കുന്നത്.
അന്താരാഷ്ട്ര അംഗീകാരത്തിനായി താലിബാൻ ഭരണകൂടം ശ്രമിക്കുമ്പോൾ, അഫ്ഗാനിസ്ഥാനിൽ ആഴത്തിൽ ഇടപെടുന്ന പാകിസ്താനെയും ചൈനയെയും പോലുള്ള പ്രാദേശിക എതിരാളികളെ പ്രതിരോധിക്കാനാണ് ഇന്ത്യയുടെ ശ്രമം.മുൻപ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദുബായിൽ വെച്ച് മുത്താഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ, ഈ വർഷം ഏപ്രിലിൽ ഇന്ത്യയുടെ പ്രത്യേക ദൂതൻ രാഷ്ട്രീയ-വ്യാപാര ബന്ധങ്ങൾ ചർച്ച ചെയ്യാൻ കാബൂളിൽ സന്ദർശനം നടത്തിയിരുന്നു.
നേരത്തേ അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യൻ എംബസി പ്രവർത്തിച്ചിരുന്നു. അഫ്ഗാനിൽ, താലിബാന്‍ അധികാരം പിടിച്ച് ഒരു വര്‍ഷത്തിനുശേഷം 2022ൽ ഇവിടെ ഇന്ത്യ ടെക്‌നിക്കൽ മിഷൻ സ്ഥാപിച്ചു. പിന്നീടിതുവരെ അവിടെ എംബസി എന്ന നിലയിൽ ഇന്ത്യ പ്രവർത്തിച്ചിരുന്നില്ല. അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിൽ ആദ്യം അവിടെ സഹായവുമായി എത്തിയത് ഇന്ത്യയാണ്. രാജ്യാന്തര അംഗീകാരത്തിനായുള്ള താലിബാൻ ഭരണകൂടത്തിന്റെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് അമീർ ഖാൻ മുത്താഖിയുടെ ഇന്ത്യാ സന്ദർശനം.
പാകിസ്ഥാന്റെ അഫ്ഗാനുമായുള്ള ബന്ധം വഷളായ സാഹചര്യമാണ് നിലവിലുള്ളത്. അഭയാർഥികളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ടും അതിർത്തിയിലെ സംഘർഷങ്ങളുടെ പേരിലുമുണ്ടായ ഭിന്നത, പാകിസ്ഥാന്റെ സ്വാധീനത്തിന് ഒരു തന്ത്രപരമായ മറുപടി നൽകാൻ ഇന്ത്യയ്ക്ക് അവസരം നൽകുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ അഫ്ഗാനിസ്ഥാനിൽ ചൈനയുടെ ആധിപത്യം പരിമിതപ്പെടുത്താനും ഇന്ത്യ ലക്ഷ്യമിടുന്നു.
നാല് വർഷം മുൻപ് താലിബാൻ കാബൂളിൽ അധികാരം പിടിച്ചെടുത്തപ്പോൾ, ഇത് ഇന്ത്യയുടെ എതിരാളിയായ പാകിസ്ഥാന് ഗുണം ചെയ്യുമെന്നും കശ്മീരിലെ തീവ്രവാദം വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ സുരക്ഷാ വിദഗ്ദ്ധർ ഭയന്നിരുന്നു. എങ്കിലും 2022-ൽ, താലിബാൻ ഭരണമേറ്റ് ഒരു വർഷത്തിന് ശേഷം, ഇന്ത്യ കാബൂളിൽ ഒരു ടെക്‌നിക്കൽ മിഷൻ സ്ഥാപിക്കുകയും മാനുഷിക സഹായത്തിലും വികസന പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
വിദ്യാർത്ഥികളും വ്യവസായികളും ഉൾപ്പെടെ പതിനായിരക്കണക്കിന് അഫ്ഗാൻ പൗരന്മാർക്ക് ഇന്ത്യ ദീർഘകാലമായി ആതിഥേയത്വം നൽകുന്നുണ്ട്. അഫ്ഗാൻ എംബസി 2023 നവംബറിൽ അടച്ചുപൂട്ടിയെങ്കിലും മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ പരിമിതമായ സേവനങ്ങളോടെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

