തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുൻ എംഎൽഎയും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ എ പത്മകുമാര്‍ എസ്ഐടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായിരുന്നു. തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍.ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.ഇവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്.
പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്‌ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്‌ഐടി വിശദമായി അന്വേഷിച്ചുവരികയാണ്. സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്‌ഐടി നോട്ടീസ് നല്‍കിയിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്.

