തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേകസംഘം ചോദ്യം ചെയ്ത് വിട്ടയക്കും. ഇയാളുടെ അറസ്റ്റ് നിലവില്‍ ഉണ്ടാവില്ല. അനന്തസുബ്രഹ്മണ്യത്തെ കൂടാതെ ചില ഇടനിലക്കാരെയും ചോദ്യം ചെയ്തുവെന്നാണ് വിവരം.
ബെംഗളൂരുവിൽ നിന്ന് ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി ഇയാളെ തിരുവനന്തപുരത്തേക്ക് വരുത്തിയത്. പാളികളുമായി ബെംഗളൂരുവിലേക്ക് പോയത് അനന്ത സുബ്രഹ്മണ്യമാണെന്നാണ് കണ്ടെത്തൽ. പിന്നീട് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതനുസരിച്ച് ഹൈദരാബാദിൽ നാഗേഷ് എന്നയാൾക്ക് ഈ പാളികൾ കൈമാറി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ എല്ലാ ഇടപാടുകളും അടുത്ത് അറിയാവുന്ന വ്യക്തിയാണ് അനന്ത സുബ്രഹ്മണ്യമെന്നാണ് കരുതുന്നത്.
അതേസമയം, ശബരിമല സ്വർണക്കൊള്ളയക്ക് പിന്നിലെ കൂടുതൽ വിവരങ്ങൾ ഉൾക്കള്ളിച്ചുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ പ്രത്യേക സംഘം ഹൈക്കോടതിയ്ക്ക് കൈമാറും. ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ കസ്റ്റഡിയിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകും. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ആധാരം ഈട് നൽകി വട്ടിപ്പലിശയക്ക് പണം കടം വാങ്ങിയവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

