Sunday, December 14, 2025

ശബരിമല നടതുറന്നു;ഇനി ഭഗവാനും ഭക്തനും ഒന്നാകുന്ന പുണ്യദിനങ്ങൾ

സന്നിധാനം: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നടതുറന്നു. ഇനി 2 മാസകാലത്തോളം സന്നിധാനം ശരണം വിളികളാലും അയ്യപ്പമന്ത്ര ധ്വനികളാലും മുഖരിതമാകും ഭഗവാനും ഭക്തനും ഒന്നാകുന്ന സന്നിധിയിലേക്ക് ഇനി ഭക്ത ലക്ഷങ്ങൾ ഒഴുകിയെത്തും . ശ്രീകോവില്‍ വലംവെച്ചെത്തി തിരുനടയിലെ മണിയടിച്ച് യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചതിന് ശേഷമാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്നത്

താപസരൂപത്തില്‍ ഭഗവാനെ കാണാനുള്ള അവസരം മണ്ഡലകാലത്ത് ഇന്ന് മാത്രമാണ് ഭക്തര്‍ക്ക് ലഭിക്കുക. തലയില്‍ ഉത്തരീയക്കെട്ടും കൈയില്‍ ജപമാലയും കഴുത്തില്‍ രുദ്രാക്ഷവുമണിഞ്ഞ് ചിന്മുദ്രാങ്കിത യോഗസമാധിയില്‍ യോഗദണ്ഡുമായി ഭസ്മത്താല്‍ മൂടി തപസ്സനുഷ്ഠിക്കുന്ന രൂപത്തിലായിരിക്കും അയ്യപ്പന്‍.

നട തുറന്നതിന് ശേഷം മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് അഗ്നി പകര്‍ന്നു. തുടര്‍ന്ന് ഭഗവാനെ അഭിഷേകം ചെയ്തിരിക്കുന്ന ഭസ്മം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ശനിയാഴ്ച പ്രത്യേകപൂജകള്‍ ഒന്നും ഉണ്ടാകില്ല. വൃശ്ചികപ്പുലരിയില്‍ നടതുറക്കുമ്പോള്‍ യോഗനിദ്രവിട്ടുണര്‍ന്ന നിലയിലായിരിക്കും ഭഗവാന്‍.

താപസ ഭാവത്തിലുള്ള ഭഗവാനെ കാണാന്‍ വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് അധികവും. സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം ഉടന്‍ നടക്കും. തുടര്‍ന്ന് രാത്രി 10 മണിയോടെ ക്ഷേത്ര നട അടയ്ക്കും. ഞായറാഴ്ച മുതല്‍ മണ്ഡലകാല പൂജകളോടെ ക്ഷേത്ര ചടങ്ങുകള്‍ 41 ദിവസവും ഉണ്ടാകും.

Related Articles

Latest Articles