എരുമേലി: ശബരിമല തീർഥാടകരുടെ വാഹനത്തിൽ മോഷണം. പണവും മൊബൈൽ ഫോണുകളുമാണ് നഷ്ടപ്പെട്ടത്.ശനിയാഴ്ച എരുമേലിയിലാണ് മോഷണം നടന്നതായി പരാതി ഉയർന്നത്.
തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തരുടെ 50,000 രൂപയും ഏഴ് മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം രാവിലെ എരുമേലി ഒരുങ്കൽ കടവിൽ ആണ് സംഭവം. മണിമലയാറ്റിലെ ഒരുങ്കൽകടവിൽ തീർഥാടകർ കുളിക്കാൻ പോയ സമയത്ത് വാഹനത്തിന്റെ ചില്ല് തകർത്താണ് മോഷണം നടത്തിയത്.
സ്വകാര്യ പറമ്പിനോട് ചേർന്ന് വാഹനം പാർക്ക് ചെയ്ത ശേഷമാണ് തീർഥാടകർ കുളിക്കാൻ പോയത്.പിന്നീട് തിരികെ വരുമ്പോൾ വാഹനത്തിന്റെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് തീർഥാടകരുടെ ബാഗുകളിൽ സൂക്ഷിച്ച മൊബൈൽ ഫോണുകളും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്.
അതേസമയം തീർഥാടകരുടെ പരാതിയെ തുടർന്ന് എരുമേലി എസ്.എച്ച്.ഒ എം.മനോജ്, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കൂടാതെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

