Saturday, December 13, 2025

ശബരിമല; പൂജാ ബുക്കിംഗും താമസ സൗകര്യവും നാളെ മുതൽ ഓൺലൈനിൽ ലഭ്യമാകും ; മണ്ഡല-മകരവിളക്ക് ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി ഭക്തർക്കായുള്ള ഓൺലൈൻ സേവനങ്ങൾ നാളെ (നവംബർ 5, 2025, ബുധനാഴ്ച) മുതൽ ആരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമല ദർശനം കൂടുതൽ സുഗമമാക്കുന്നതിൻ്റെ ഭാഗമായി ക്ഷേത്രത്തിലെ പൂജകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനും സന്നിധാനത്തെ താമസസൗകര്യങ്ങൾ മുൻകൂട്ടി ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കുന്നത്.

പൂജകൾ ബുക്ക് ചെയ്യുന്നതിനും സന്നിധാനത്തെ ഓൺലൈൻ അക്കോമഡേഷൻ ബുക്കിംഗിനുമായി ഭക്തർwww.onlinetdb.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം, കളഭാഭിഷേകം തുടങ്ങിയ പ്രധാന വഴിപാടുകൾ ഈ വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. ദൂരദേശങ്ങളിൽ നിന്ന് എത്തുന്നവർക്ക് സന്നിധാനത്ത് താമസിക്കുന്നതിനുള്ള റൂം ബുക്കിംഗും നാളെ മുതൽ ഈ വെബ്സൈറ്റിലൂടെ ലഭ്യമാകും. മുറികളുടെ ലഭ്യത പരിശോധിച്ച്, ക്ലാസ് അനുസരിച്ചുള്ള നിരക്കുകൾ നൽകി ഭക്തർക്ക് താമസ സൗകര്യം ഉറപ്പിക്കാം. തീർഥാടന സമയത്ത് സന്നിധാനത്ത് നേരിട്ടുള്ള താമസസൗകര്യം പലപ്പോഴും പരിമിതമായിരിക്കും എന്നതിനാൽ, ഈ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഭക്തർക്ക് വലിയ ആശ്വാസമാകും.

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിൻ്റെ ഭാഗമായി ഭക്തർക്ക് ദർശന സ്ലോട്ടുകൾ അനുവദിക്കുന്ന വെർച്വൽ ക്യൂ ബുക്കിംഗ് നേരത്തെ നവംബർ 1 മുതൽ ആരംഭിച്ചിരുന്നു. നിലവിൽ ഒരു ദിവസം 70,000 ഭക്തർക്കാണ് ഓൺലൈൻ ക്യൂ വഴി ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. റിയൽ ടൈം ബുക്കിംഗ് കേന്ദ്രങ്ങൾ വഴി പ്രതിദിനം 20,000 പേർക്ക് വരെ സ്പോട്ട് ബുക്കിംഗിലൂടെയും ദർശനം നടത്താൻ അവസരമുണ്ട്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും തയാറാക്കും.

തീർത്ഥാടകർക്ക് വെർച്വൽ ക്യൂ വഴി ദർശനം നിർബന്ധമാണ്. ബുക്കിങുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്ന യോഗങ്ങൾക്ക് ശേഷം ഉടൻ പുറത്തുവിടും.

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട നവംബർ 16-ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഡിസംബർ 27-ന് മണ്ഡല പൂജ പൂർത്തിയാക്കി നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30-ന് വീണ്ടും നട തുറക്കും. 2026 ജനുവരി 14-നാണ് ഈ വർഷത്തെ മകരവിളക്ക്. ജനുവരി 20-ന് തീർഥാടനം പൂർത്തിയാക്കി നട അടയ്ക്കും.നവംബർ 16-ന് വൈകുന്നേരം നട തുറക്കുന്നതോടെ ആരംഭിക്കുന്ന തീർഥാടന കാലം സുഗമവും സുരക്ഷിതവുമാക്കാൻ എല്ലാ ഒരുക്കങ്ങളും ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് പൂർത്തിയാക്കിവരികയാണ്.

Related Articles

Latest Articles