കൊച്ചി: ശബരിമലയിൽ ആചാരങ്ങൾ പഴയതു പോലെ നിലനിൽക്കണമെന്നാണ് ആഗ്രഹമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ. ആചാരാനുഷ്ഠാനങ്ങൾ അതേ പോലെ നിലനിർത്താനും ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കാനുമാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ കഴിഞ്ഞ കാലങ്ങളിലെ ആചാരങ്ങൾ നിലനിൽക്കണമെന്നാണ് ആഗ്രഹം. അത് വ്യക്തിപരമായി ശബരിമലയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും പത്മകുമാർ വ്യക്തമാക്കി. വേറെ എത്രയോ ആരാധനാലയങ്ങൾ ഉണ്ടായിട്ടും എന്തു കൊണ്ടാണ് ശബരിമലയെപ്പറ്റി മാത്രം ഇത്രയും വിവാദങ്ങൾ ഉണ്ടാകുന്നതെന്നറിയില്ല.
ശബരിമല വിഷയം തിരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചോയെന്നു തിരഞ്ഞെടുപ്പിൽ മൽസരിച്ചവർ പരിശോധിക്കട്ടെ. സാമൂഹത്തിൽ ചർച്ചയായ വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതു സ്വാഭാവികമാണ്. ശബരിമലയുടെ പ്രത്യേകതകൾ മനസിലാക്കി മുന്നോട്ടു പോകണമെന്നും പത്മകുമാർ പറഞ്ഞു.

