പത്തനംതിട്ട : ശബരിമല റോപ് വേ പദ്ധതിയുടെ അന്തിമ അനുമതിക്കായി കേന്ദ്ര സംഘം സന്നിധാനം, മരക്കൂട്ടം, പമ്പ ഹിൽടോപ്പ് എന്നിവിടങ്ങളിൽ വിശദമായ സ്ഥലപരിശോധന പൂർത്തിയാക്കി. രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയ്ക്ക് ശേഷമുള്ള കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുക.
പദ്ധതിയുടെ ടവറുകൾ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങൾ, റോപ് വേ കടന്നുപോകുന്ന വനമേഖല, പദ്ധതിക്കായി ഉപയോഗിക്കുന്ന വനഭൂമി, ദേവസ്വം ഭൂമി എന്നിവ കേന്ദ്ര സംഘം കൃത്യമായി വിലയിരുത്തി. കൂടാതെ, പദ്ധതിയുടെ ഭാഗമായി പൂർണ്ണമായും മുറിച്ചുമാറ്റേണ്ടി വരുന്നതും ഭാഗികമായി വെട്ടിമാറ്റേണ്ടതുമായ മരങ്ങളെക്കുറിച്ചും സംഘം വിശദമായി പരിശോധന നടത്തി.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പദ്ധതി നടപ്പാക്കാനാകുമോ എന്നതിലാണ് കേന്ദ്രം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ദില്ലി), കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ദേശീയ കടുവ സംരക്ഷണ അതോറിറ്റി (National Tiger Conservation Authority – NTCA) എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് കേന്ദ്ര സംഘത്തിൽ ഉണ്ടായിരുന്നത്.
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ജോൺസൺ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ശിവകുമാർ, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയിലെ ഹരിണി വേണുഗോപാൽ എന്നിവരാണ് സംഘത്തിലെ പ്രമുഖർ. കേരള വനം വകുപ്പിലെയും ദേവസ്വം ബോർഡിലെയും ഉദ്യോഗസ്ഥർ കേന്ദ്ര സംഘത്തോടൊപ്പം പരിശോധനകളിൽ പങ്കെടുത്തു.
തീർത്ഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര സംഘം സമർപ്പിക്കുന്ന റിപ്പോർട്ട് പദ്ധതിയുടെ ഭാവിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകും.

