Saturday, December 13, 2025

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പതിനേഴിന്

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ (ഓഗസ്റ്റ് 16) തുറക്കും. നാളെ വൈകുന്നേരം അഞ്ചിന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. അതിനുശേഷം ഭക്തർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം.

ചിങ്ങം ഒന്നാം തീയതി, അതായത് ഓഗസ്റ്റ് 17-ന് രാവിലെ പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ഉഷപൂജയ്ക്ക് ശേഷം രാവിലെ 7:30-നാണ് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുക. ശ്രീകോവിലിന് മുന്നിൽ വെച്ചാണ് നറുക്കെടുപ്പ് നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി. സുനിൽകുമാർ നറുക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിക്കും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പുതിയ മേൽശാന്തിമാർ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ ചുമതലയേൽക്കും.പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് രാവിലെ 9-ന് പമ്പയിൽ വെച്ച് നടക്കും.

തുടർന്നുള്ള ദിവസങ്ങളിൽ പതിവ് പൂജകളായ നെയ്യഭിഷേകം, ഉഷപൂജ, കളഭാഭിഷേകം, പടിപൂജ, അത്തംപൂജ, ഉച്ചപൂജ, ദീപാരാധന എന്നിവ ഉണ്ടാകും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി, ഓഗസ്റ്റ് 21-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

Related Articles

Latest Articles