Tuesday, December 16, 2025

ശബരിമല; മാസ പൂജകൾക്കുള്ള സമയ ക്രമം പുറത്തു വിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ ഇനിമുതൽ എല്ലാ മാസ പൂജകൾക്കുമുള്ള സമയ ക്രമം പുറത്തു വിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

രാവിലെ 5 മണിക്കായിരിക്കും ക്ഷേത്ര നട തുറക്കുക. ഉച്ചയ്ക്ക് 1 മണിക്ക് നടയടക്കും. വൈകിട്ട് 4 ന് നട തുറക്കും രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. സിവിൽ ദർശനത്തിനും (ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദർശനം) പുതിയ സമയക്രമം ഏർപ്പെടുത്തി. രാവിലെ നട തുറന്നശേഷം 6 മണി മുതൽ മാത്രമേ സിവിൽ ദർശനം ഉണ്ടാവുകയുള്ളൂ. രാത്രി 9 .30 ന് സിവിൽ ദർശനത്തിനുള്ള സമയക്രമം അവസാനിക്കും.

അതേസമയം മീന മാസ പൂജകള്‍ക്കായി ശബരിമല നട ഇക്കഴിഞ്ഞ വെള്ളിയാഴ്ച തുറന്നിരുന്നു. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ടരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു . തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. പതിനെട്ടാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്തുന്നതിന്റെ ട്രയലും ആരംഭിച്ചു. നടതുറക്കുന്ന തിന് മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് , അംഗം അഡ്വ. എ. അജികുമാർ എന്നിവർ പുതിയ സംവിധാനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ വിലയിരുത്തി. മീന മാസം 1 ന് രാവിലെ 5 മണിക്ക് നട തുറക്കും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി മാർച്ച് 19 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.

ഫ്ലൈ ഓവർ വഴിയുള്ള ദർശന സംവിധാനത്തിൽ 2 മുതൽ 5 സെക്കൻഡ് വരെയാണ് ഭക്തന് ദർശനം ലഭിച്ചിരുന്നെങ്കിൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ 20 മുതൽ 30 സെക്കൻഡ് ഭഗവാനെ ദർശിക്കാനുള്ള സൗകര്യം കൈവരും. പുതിയ സംവിധാനം ഒരുക്കുന്നതിനായി പുതിയ പ്ലാറ്റ്ഫോമുകളും ഭക്തരെ രണ്ടു വരിയിൽ വേർതിരിക്കുന്നതിന് ബാരിക്കേഡും ഒരുക്കിയിട്ടുണ്ട്. കൊടിമരച്ചോട്ടിൽ നിന്നും രണ്ട് വരികളിലായിട്ടാണ് അയ്യപ്പഭക്തരെ ശ്രീ കോവിലിന് മുന്നിലേക്ക് പ്രവേശിപ്പിക്കുക. ദർശനം പൂർത്തിയാക്കി നിലവിലുള്ള രീതിയിലൂടെ തന്നെ ഭക്തർ മാളിക പുറത്തേക്ക് പോകും.

Related Articles

Latest Articles