Monday, December 22, 2025

‘ദൈവം’, ഇനി കമന്ററി പറയും

2019 ലോകകപ്പില്‍ കമന്റേറ്ററായി അരങ്ങേറ്റം കുറിച്ച് ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് ഇത്തവണ കമന്ററി ബോക്‌സില്‍ കളിക്കളം അടക്കി വാണ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ എത്തിയത്.

മല്‍സരത്തിനു മുന്നോടിയായി ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രീ ഷോയില്‍ ഗാംഗുലിക്കും സേവാഗിനുമൊപ്പമാണ് സച്ചിന്‍ കമന്ററി പറഞ്ഞത്. “സച്ചിൻ ഓപ്പൺ എഗെയിൻ” എന്ന പേരോടെയാണ് ഐ.സി.സി സച്ചിന്റെ പുതിയ ഇന്നിംഗ്സ് ആഘോഷിച്ചത്.

46 കാരനായ സച്ചിന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആറു ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2003 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരമെന്ന റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്. ആറ് ലോകകപ്പുകളില്‍ നിന്നായി 2278 റണ്‍സ് താരം നേടിയിട്ടുണ്ട്.

1989 ല്‍ തന്റെ 16-ാം വയസില്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സച്ചിന് നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന ലോക റെക്കോര്‍ഡ് സ്വന്തമാണ്. ടെസ്റ്റില്‍ 15,921ഉം ഏകദിനത്തില്‍ 18,426 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 30,000 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടുള്ള ഏക ക്രിക്കറ്ററും സച്ചിന്‍ തന്നെയാണ്. ടെസ്റ്റിലും (51) ഏകദിനത്തിലും (49) കൂടുതല്‍ സെഞ്ചറികള്‍ നേടിയ താരം എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമാണ്.

Related Articles

Latest Articles