നെയ്യാറ്റിന്‍കര : നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് അവകാശപ്പെട്ട് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി കളക്ടറുടെ ഉത്തരവ് തേടുമെന്നും അനുമതി ലഭിച്ചാലുടന്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു. ആറാലുംമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) ആണ് വെള്ളിയാഴ്ച മരിച്ചത്. നിലവിൽ ഇയാളെ കാണാതായതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി ഗോപൻ സമാധിയായെന്ന പോസ്റ്റർ മക്കൾ പതിപ്പിച്ചത്. രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം അടക്കം ചെയ്ത് സ്മാരകം വെയ്ക്കുയായിരുന്നു. സന്യാസിയായ അച്ഛൻ സമാധിയായെന്നാണ് മക്കൾ പറയുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹത ആരോപിച്ച് അയൽക്കാരും നാട്ടുകാരും രംഗത്തെത്തി.
എന്നാൽ ഗോപന്‍റെ മകൻ രാജസേനൻ വിചിത്ര വാദങ്ങളാണ് ഉന്നയിക്കുന്നത്. അഞ്ച് കൊല്ലം മുമ്പ് അച്ചൻ സമാധി കല്ല് ഉള്‍പ്പെടെ വരുത്തിയതാണെന്നും ഇപ്പോഴാണ് സമാധിയാകാൻ സമയമായെന്ന് അച്ഛൻ പറഞ്ഞതെന്നും അതുപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തെന്നും മകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രായാധിക്യത്താല്‍ മരണപ്പെട്ട വയോധികനെ മക്കള്‍ വീടിന്റെ പരിസരത്ത് സംസ്‌കരിക്കുകയും ബാക്കി പറയുന്ന കാര്യങ്ങളൊക്കെ നുണയുമാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രം നിര്‍മിച്ച് പൂജാകര്‍മങ്ങള്‍ ചെയ്തുവരികയായിരുന്നു മരിച്ച ഗോപന്‍ സ്വാമി

