കോഴിക്കോട് : വേൾഡ് കപ്പിനോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള ഫുടബോൾ ആരാധകർ ആവേശത്തിലാണ്. എന്നാൽ, ഫുട്‌ബോൾ ആരാധനയുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി നടത്തിയ പ്രസ്താവനയെ തള്ളി മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ.
ഫുട്‌ബോളിനെ എല്ലാവരും ആവേശത്തോടെ കാണുന്നുണ്ട്. പല ടീമുകളെയും പിന്തുണയ്‌ക്കുന്നുമുണ്ട് എന്ന് മുനീർ പറഞ്ഞു. അമിത ആവേശത്തിൽ എന്തെങ്കിലും സംഭവിക്കാതിരിക്കാൻ നോക്കണമെന്നും മുനീർ കൂട്ടിച്ചേർത്തു. സമസ്ത നേതാവിന്റെ നിലപാടിലെ പൂർണമായും തള്ളിക്കൊണ്ടായിരുന്നു മുനീറിന്റെ പ്രസ്താവന.
ഇസ്ലാമികവിരുദ്ധരാജ്യങ്ങളേയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യമായി അധിനിവേശം നടത്തിയ ക്രൂരന്മാരുമായ പോർച്ചുഗലിനെ പിന്തുണയ്‌ക്കുന്ന രീതിയും താരങ്ങളോടുള്ള ആരാധനയും ശരിയല്ല. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
പള്ളികളിൽ പ്രാർത്ഥനക്ക് വരേണ്ട സമയത്ത് ആരും എത്തുന്നില്ല. അർദ്ധരാത്രിയിൽ കളികാണുന്ന സ്ഥിതിയാണ്. കളി കാരണം പ്രാർത്ഥന തടസപ്പെടരുത്. പോർച്ചുഗൽ അധിനിവേശം നടത്തിയവരാണ്. സിനിമ, സ്‌പോർട്‌സ്, രാഷ്‌ട്രീയ മേഖലകളിലെ ആളുകളെ ആരാധിക്കരുതെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്.

