ദില്ലി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സമസ്ത. ഖുറാനിലെ രണ്ട് വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്നും. സ്ത്രീകള്‍ മുഖവും കഴുത്തും മറയ്ക്കണമെന്ന് ഖുറാനില്‍ വ്യക്തമാക്കുന്നുണ്ടെന്നും സമസ്ത നൽകിയ ഹർജ്ജിയിൽ പറയുന്നു. സമസ്ത ജന.സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹിജാബ് ധാരണം നിർബന്ധിത മതാചാരമല്ലെന്നും യൂണിഫോം നടപ്പിലാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികാരമില്ലെന്നും കണ്ടെത്തി കർണ്ണാടക ഹൈക്കോടതി വിശാല ബെഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നേരത്തെ ശരിവച്ചിരുന്നു. ഈ വിധിക്കെതിരെയാണ് സമസ്ത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധ സംഘടനകളുടെ പങ്ക് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിരുന്നു.

