Saturday, December 13, 2025

സമസ്‌തയുടെ നിർദ്ദേശം തള്ളി ! സ്‌കൂൾ സമയ പരിഷ്‌കരണവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂള്‍ സമയ മാറ്റവുമായി ബന്ധപ്പെട്ട് സമസ്‌തയുടെ നിർദ്ദേശം തള്ളി സംസ്ഥാനസർക്കാർ. സ്കൂള്‍ സമയ മാറ്റത്തില്‍ കൈക്കൊണ്ട തീരുമാനവുമായി മുന്നോട്ടു പോകും. ഈ അദ്ധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അടുത്ത വർഷം പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചർച്ചയിൽ ഭൂരിഭാഗം സംഘടനകളും സമയമാറ്റം സ്വാഗതം ചെയ്യുകയായിരുന്നു. ചില സംഘടനകള്‍ വിയോജിപ്പറിയിച്ചെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ കഴിഞ്ഞ മാസമാണ് സർക്കാർ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി പ്രവർത്തന സമയം 15 മിനുട്ട് വീതമാണ് വർധിപ്പിച്ചത്. പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെയാക്കിയതാണ് വിവാദമായത്. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർക്കുകയും ചെയ്തു.രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്.

220 പ്രവൃത്തി ദിനങ്ങൾ എന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.

Related Articles

Latest Articles