കൊൽക്കത്ത : ബംഗാളിൽ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി സഞ്ജയ് റോയ് സംഭവ ദിവസം ആശുപത്രിയിൽ എത്തുന്നതിന്റെ ദൃശ്യം പുറത്തു വിട്ട് അന്വേഷണ സംഘം. കൃത്യം നടന്ന സ്ഥലത്തുനിന്നും അന്വേഷണസംഘത്തിന് പ്രതിയുടേതെന്നു കരുതുന്ന ഇയർഫോൺ കിട്ടിയിരുന്നു. അന്വേഷണസംഘം പുറത്തുവിട്ട ദൃശ്യങ്ങളിൽ പ്രതി കഴുത്തിൽ ഈ ബ്ലൂടൂത്ത് ഇയർഫോൺ ധരിച്ചിരിക്കുന്നത് വ്യക്തമാണ്. പുലർച്ചെ 1.30 നാണ് പ്രതി ആശുപത്രിയിൽ എത്തുന്നത്. അതിനു മുൻപ് കൊൽക്കത്തയിലെ 2 അനാശാസ്യ കേന്ദ്രങ്ങളും ഇയാൾ സന്ദർശിച്ചിരുന്നു . ഓഗസ്റ്റ് 8 നു രാത്രിയിൽ സോനഗച്ചിയിൽ എത്തിയ പ്രതി മദ്യപിച്ചതിനുശേഷം രണ്ട് അനാശാസ്യകേന്ദ്രങ്ങളും സന്ദർശിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിയത് എന്നാണ് വിവരം.
അതേസമയം ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. ബലാത്സംഗക്കൊലയ്ക്ക് സമാന്തരമായാകും സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുക.
ഡോക്ടര്‍ കൊല്ലപ്പെടുമ്പോള്‍ പ്രിന്‍സിപ്പലായിരുന്ന സന്ദീപ് ഘോഷിന്റെ കാലത്ത് നടന്ന ക്രമക്കേടുകളാണ് സിബിഐ അന്വേഷിക്കുക എന്നാണ് വിവരം. കൊൽക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്ഐടി) നിന്ന് സിബിഐ ഏറ്റെടുത്തത്. സിബിഐ സംഘം ആവശ്യമായ രേഖകള്‍ എസ്ഐടിയില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. വീണ്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ ഏജൻസി കടന്നിട്ടുണ്ട്.
ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലിയുടെ പരാതിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടത്. സാമ്പത്തിക ക്രമക്കേടുകളിന്മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം വേണമെന്നായിരുന്നു അക്തര്‍ അലിയുടെ ആവശ്യം.

