നാഗ്പ്പൂർ: സംസ്കൃതഭാഷ എല്ലാ ഭാഷകളുടെയും മാതാവാണെന്നും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷയായി സംസ്കൃതം എല്ലാ വീടുകളിലും എത്തണമെന്നും സർസംഘചാലക് മോഹൻജി ഭാഗവത്. മനുഷ്യമനസ്സിലെ ഭാവങ്ങൾ നന്നായി പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഭാഷയാണ് സംസ്കൃതം. എല്ലാ ഭാരതീയരും ഈ പ്രാചീന ഭാഷ മനസിലാക്കണമെന്നും സംസ്കൃതഭാഷയുടെ സംരക്ഷണത്തിനും പ്രചാരണത്തിനും ആവശ്യമായ പ്രവർത്തനങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ കവി കുലഗുരു കാളിദാസ സംസ്കൃത സർവകലാശാല മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ സഹായങ്ങൾക്കൊപ്പം പൊതുജനങ്ങളുടെ പിന്തുണയും സർവകലാശാലയ്ക്ക് ആവശ്യമുണ്ട്. ദൈനംദിന ജീവിതത്തിൽ ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷയായി സംസ്കൃതം വളരേണ്ടതുണ്ട്. താൻ സംസ്കൃതം പഠിച്ചിട്ടുണ്ട് എന്നാൽ സംസാരഭാഷയല്ലാത്തതിനാൽ ഒഴുക്കോടെ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഭാരതത്തിന്റെ സ്വത്വത്തിന് പ്രാധാന്യം നൽകി സ്വാശ്രയത്വം വളർത്തുവാനും അറിവും ബൗദ്ധികതയും വികസിപ്പിക്കുന്ന സമൂഹമായി ഭാരതം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്കൃതം അറിയുക എന്നാൽ ഭാരതത്തെ മനസിലാക്കുക എന്നാണ്. പാശ്ചാത്യലോകം ആഗോള വിപണിയെ കുറിച്ച് സംസാരിക്കുമ്പോൾ ഭാരതം വസുധൈവ കുടുംബകം എന്ന കാഴ്ച്ചപ്പാടാണ് മുന്നോട്ട് വയ്ക്കുന്നത്. പാശ്ചാത്യചിന്തകൾ പുതിയ കാലത്ത് പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചടങ്ങിൽ പങ്കെടുത്തു.

