കൊല്ലം: സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയെത്തി. അഴീക്കോട് ഹാർബറിലും മത്തിക്ക് 300 രൂപയാണ് വില. കുഞ്ഞയലയ്‌ക്ക് 200 രൂപയുമാണ് ശരാശരി വില. മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും.
ഇക്കാലയളവിൽ ചെറിയ മത്സ്യബന്ധന ബോട്ടുകൾക്കും ഇൻബോർഡ് വള്ളങ്ങൾക്കുമാണ് കടലിൽ പോകാൻ അനുമതി. നാല് പേർ പോകുന്ന വള്ളത്തിന് ഏകദേശം 10,000 രൂപയോളമാണ് ചെലവ്. 40-50 തൊഴിലാളികൾ കയറുന്ന വള്ളങ്ങളാണെങ്കിൽ ചെലവ് 50,000-ത്തിലേറെ രൂപയാകും. ഇതിനിടെ ഇന്ധന വില ഉയരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

