Tuesday, December 23, 2025

വയനാട്ടിൽ സത്യന്‍ മൊകേരി ഇടത് സ്ഥാനാർത്ഥി ! ഔദ്യോഗിക പ്രഖ്യാപനം നടത്തി സിപിഐ

തിരുവനന്തപുരം: വയനാട് ഉപതെരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ശുഭാപ്തി വിശ്വാസത്തോടെയാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്നും നിയമസഭയിലേക്കു മത്സരിച്ച അനുഭവവും വയനാട് പാര്‍ലമെന്ററി തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച അനുഭവവും ഈ തെരഞ്ഞെടുപ്പിന് മുതല്‍ക്കൂട്ടാവുമെന്ന് സത്യന്‍ മൊകേരി പ്രതികരിച്ചു. എല്‍ഡിഎഫ് പൂര്‍ണമായും സജ്ജമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

‘പൂര്‍ണമായും സജ്ജമാണ് എല്‍ഡിഎഫ്. അതുകൊണ്ടാണ് സത്യന്‍ മൊകേരിയെപ്പോലൊരു സ്ഥാനാര്‍ഥിയെ വയനാട്ടില്‍ നിര്‍ത്തുന്നത്. പല ഘടകങ്ങള്‍ അതിനുപിന്നിലുണ്ട്. ഒന്നാമതായി കര്‍ഷക പോരാട്ടങ്ങളുടെ വലിയ ചരിത്രമുള്ള നേതാവാണ് സത്യന്‍ മൊകേരി. വയനാട്ടില്‍ മുമ്പും മത്സരിച്ചിട്ടുണ്ട്. കേരളത്തില്‍ കര്‍ഷകരുടെ സമരകാലമാണ് ഇത്. ആ ഘട്ടത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയാവുന്ന സത്യന്‍ മൊകേരിയെഎല്‍ഡിഎഫ് വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കുകയാണ്.- ബിനോയ് വിശ്വം പറഞ്ഞു.

സത്യന്‍ മൊകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാർത്ഥിയായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്. മൂന്നു തവണ നിയമസഭയിലെത്തിയ സത്യന്‍ മൊകേരി നിലവില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്.

Related Articles

Latest Articles