കൊച്ചി: എസ്.ബി.ഐ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകള്‍ ഒക്‌ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. നഗരമേഖലകളില്‍ സേവിംഗ്‌സ് ബാങ്ക് (എസ്.ബി) സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് പരിധി 5,000 രൂപയില്‍ നിന്ന് 3,000 രൂപയായി കുറച്ചു. മിനിമം ബാലന്‍സ് പരിധി അര്‍ദ്ധനഗരങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയുമാണ്.
നഗരങ്ങളില്‍ ബാലന്‍സ് 50 ശതമാനത്തിന് (1,500 രൂപ) താഴെയാണെങ്കില്‍ 10 രൂപയും ജി.എസ്.ടിയും പിഴ ഈടാക്കും. ബാലന്‍സ് 75 ശതമാനത്തിന് താഴെയാണെങ്കില്‍ പിഴ 15 രൂപയും ജി.എസ്.ടിയും. അര്‍ദ്ധനഗരങ്ങളില്‍ പിഴ 7.50 രൂപ മുതല്‍ 12 രൂപവരെയും ജി.എസ്.ടിയുമാണ്. അഞ്ചു രൂപ മുതല്‍ 10 രൂപവരെ പിഴയും ജി.എസ്.ടിയുമാണ് ഗ്രാമങ്ങളില്‍ ഈടാക്കുക.
ഡിജിറ്റലായുള്ള എന്‍.ഇ.എഫ്.ടി., ആര്‍.ടി.ജി.എസ് ഇടപാടുകള്‍ക്ക് ഫീസില്ല. എന്നാല്‍, ഇവ ശാഖകളില്‍ എത്തി നടത്തിയാല്‍ 10,000 രൂപ വരെയുള്ള ഇടപാടിന് രണ്ടു രൂപയും ജി.എസ്.ടിയും ഈടാക്കും. രണ്ടുലക്ഷം രൂപയ്‌ക്കുമേലുള്ള ഇടപാടിന് 20 രൂപയും ജി.എസ്.ടിയുമാണ് ഫീസ്. രണ്ടുലക്ഷം മുതല്‍ 5 ലക്ഷം രൂപവരെയുള്ള ആര്‍.ടി.ജി.എസ് ഇടപാടിന് ഫീസ് 20 രൂപയും ജി.എസ്.ടിയും. തുക അഞ്ചുലക്ഷം കടന്നാല്‍ ഫീസ് 40 രൂപയും ജി.എസ്.ടിയും.
ഒക്‌ടോബര്‍ മുതല്‍ എസ്.ബി അക്കൗണ്ടില്‍ മാസം മൂന്നുതവണയേ സൗജന്യമായി നിക്ഷേപം നടത്താനാകൂ. തുടര്‍ന്ന്, ഓരോ നിക്ഷേപ ഇടപാടിനും 50 രൂപയും ജി.എസ്.ടിയും ഫീസ് കൊടുക്കണം. നോണ്‍-ഹോം ശാഖയില്‍ ദിവസം പരമാവധി രണ്ടുലക്ഷം രൂപയേ നിക്ഷേപിക്കാനാകൂ. അക്കൗണ്ടില്‍ ശരാശരി 25,000 രൂപയുള്ളവര്‍ക്ക് രണ്ടുതവണയും 50,000 രൂപവരെയുള്ളവര്‍ക്ക് 10 തവണയും സൗജന്യമായി മാസം പണം പിന്‍വലിക്കാം. അതു കഴിഞ്ഞാല്‍ ഫീസ് 50 രൂപയും ജി.എസ്.ടിയും. അക്കൗണ്ടില്‍ ഒരുലക്ഷം രൂപയ്‌ക്കുമേല്‍ പണമുണ്ടെങ്കില്‍ പണം പിന്‍വലിക്കലിന് ഫീസില്ല.

