ലക്നൗ: 500 രൂപയുടെ കെട്ടുകൾക്ക് നടുവിലിരുന്ന് സെൽഫി എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. പിന്നാലെ സ്ഥലംമാറ്റവും അന്വേഷണ ഉത്തരവും. ഒരു സെൽഫി കാരണം പണി പോകുമെന്ന നിലയിൽ എട്ടിന്റെ പണിയാണ് പോലീസ് ഉദ്യോഗസ്ഥന് കിട്ടിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം. രമേശ് ചന്ദ്ര സഹാനി എന്ന പോലീസുകാരനാണ് കുടുംബസമേതം തന്റെ ഒരു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
500 രൂപയുടെ കെട്ടുകൾക്ക് നടുവിലിരുന്നായിരുന്നു ഈ സെൽഫി. ഇതോടെ പോലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ. ഇയാളെ നിലവിൽ സ്ഥലം മാറ്റിയിരിക്കുകയാണ്. 14 ലക്ഷം രൂപയുടെ നോട്ടുകൾക്കു നടുവിലിരുന്നാണ് ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം രമേശ് സെൽഫി എടുത്തത്.
2021 നവംബർ പതിനാലിന് എടുത്ത ചിത്രമാണിതെന്നും തന്റെ കുടുംബസ്വത്ത് വിറ്റപ്പോൾ കിട്ടിയ പണമാണ് ചിത്രത്തിലുള്ളതെന്നുമാണ് പോലീസുകാരൻ നൽകിയിരിക്കുന്ന വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

