Wednesday, December 17, 2025

മിഠായികളിൽ ലഹരി കലർത്തി സ്കൂൾ കുട്ടികൾക്ക് വിൽപ്പന; പരിശോധനയിൽ പിടിച്ചെടുത്തത് 118 കിലോലഹരി മിഠായികൾ! 2 പേർ അറസ്റ്റിൽ

മംഗളുരു: മിഠായികളിൽ കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകൾ ചേർത്ത് സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തി വന്ന രണ്ട് വ്യാപാരികൾ അറസ്റ്റിൽ. മംഗളുരുവിൽ പോലീസ് നടത്തിയ പരിശോധനയിൽ 118 കിലോ ലഹരി മിഠായികളാണ് കണ്ടെത്തിയത്. മംഗളുരു നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു കടകളിൽ നിന്നാണ് ലഹരി മിഠായികൾ കണ്ടെത്തിയത്.

ഒരു മിഠായിക്ക് 20 രൂപ നിരക്കിലായിരുന്നു കടകളിൽ ഇത് വിറ്റിരുന്നത്. കുട്ടികൾക്കിടയിൽ വലിയ ഡിമാൻഡായിരുന്നു ഇവയ്ക്ക് ഉണ്ടായിരുന്നത്. ലഹരി മിഠായികൾ കഴിച്ച കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ചില രക്ഷിതാക്കളാണ് പോലീസിൽ വിവരമറിയിക്കുന്നത്.
ഇതിനെ തുടർന്നാണ് പോലീസ് ഈ കടകളിൽ റെയ്ഡ് നടത്തുന്നത്. ആദ്യമൊക്കെ കുട്ടികളറിയാതെ നൽകുകയായിരുന്നു. പിന്നീട് കുട്ടികൾക്ക് ഇതില്ലാതെ പറ്റില്ലെന്നായി. ഇതാണ് അന്വേഷണത്തിന് കാരണമായത്. ഒരു കടയിൽ നിന്ന് 83 കിലോഗ്രാം മിഠായിയും മറ്റൊരു കടയിൽനിന്ന് 35 കിലോഗ്രാം മിഠായിയും ആണ് പിടികൂടിയത്.

ആദ്യ പരിശോധനയിൽ തന്നെ ലഹരി കണ്ടെത്തിയെങ്കിലും വിശദമായ പരിശോധനയ്ക്കായി മിഠായികളുടെ സാംപിളുകൾ ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Related Articles

Latest Articles