ബെംഗളൂരു : മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എസ്.ജയചന്ദ്രന്‍ നായര്‍(85) അന്തരിച്ചു. ബെംഗളൂരുവിലെ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കലാകൗമുദി, സമകാലിക മലയാളം വാരിക എന്നീ മാസികകളുടെ പത്രാധിപരായിരുന്നു. ഷാജി എന്‍. കരുണിന്റെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായ പിറവി, സ്വം എന്നീ സിനിമകളുടെ തിരക്കഥാരചനയിലും അദ്ദേഹം പങ്കാളിയായി. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ പിറവി എന്ന ചിത്രത്തിന്റെ കഥയ്ക്ക് പുറമെ നിര്‍മിച്ചതും അദ്ദേഹമായിരുന്നു.
1957-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കെ. ബാലകൃഷ്ണന്റെ കൗമുദിയിലാണ് ജയചന്ദ്രന്‍ നായര്‍ മാദ്ധ്യമ പ്രവർത്തനത്തിന് ആരംഭം കുറിക്കുന്നത്. സമകാലിക മലയാളം വാരിക ആരംഭിച്ചത് മുതല്‍ നീണ്ട 15 വര്‍ഷക്കാലം അതിന്റെ എഡിറ്ററായിരുന്നു.
പുഴകളും കടലും, അലകളില്ലാത്ത ആകാശം, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍, വെയില്‍ത്തുണ്ടുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ പ്രദക്ഷിണവഴികള്‍’ക്ക് 2012-ല്‍ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.ഇതിന് പുറമെ കെ.ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, സി.എച്ച് മുഹമ്മദ് കോയ പുരസ്‌കാരം, എം.വി പൈലി ജേണലിസം അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

