തിരുവനന്തപുരം : ബൈക്കില്‍ കറങ്ങിനടന്ന് പെട്രോള്‍ പമ്പുകളില്‍ കവർച്ച നടത്തി രക്ഷപ്പെടുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ചെങ്കല്‍ മരിയാപുരം പുളിയറ വിജയ ബംഗ്ലാവില്‍ ബിച്ചു എന്ന് വിളിക്കുന്ന ബിജിത്ത് (23), കഴക്കൂട്ടം കടകംപള്ളി കരിക്കകം ഇലങ്കം റോഡില്‍ ആര്യ നിവാസില്‍ അനന്തന്‍ (18 ) എന്നിവരാണ് നെയ്യാറ്റിന്‍കര പോലീസിന്റെ പിടിയിലായത്.ഇവർ ബൈക്ക് മോഷണം അടക്കമുള്ള നിരവധി നിരവധി കേസുകളിൽ പ്രതികളാണ്.
ഇക്കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളിലാണ് പെട്രോൾ പമ്പുകൾ കേന്ദ്രമാക്കി കവർച്ചാ പരമ്പര അരങ്ങേറിയത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് പൊഴിയൂര്‍ ഉച്ചക്കട ഗോപൂസ് ഫ്യൂവല്‍ പെട്രോള്‍ പമ്പില്‍ എത്തിയ പ്രതികള്‍ 500 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ മേശ തുറന്ന് ചില്ലറ എടുക്കുന്ന സമയത്ത് മോഷ്ടാക്കള്‍ മേശയില്‍നിന്ന് നോട്ടുകെട്ട് എടുത്ത് കടന്നുകളയുകയായിരുന്നു. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ ഒരുമണിയോടെ നെയ്യാറ്റിന്‍കരയിലെ മോര്‍ഗന്‍ പമ്പില്‍ എത്തിയ സംഘം, പമ്പ് ജീവനക്കാരന്റെ കയ്യില്‍ നിന്ന് 20,000 രൂപ അടങ്ങുന്ന ക്യാഷ്ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടു.
അന്നേദിവസം വിഴിഞ്ഞം മുക്കോലയിലെ ഐഒസി പമ്പില്‍നിന്നും പ്രതികള്‍ ജീവനക്കാരന്റെ ബാഗില്‍നിന്ന് 7500 രൂപയും കവര്‍ന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. ബൈക്കുകള്‍ കവര്‍ന്നശേഷം മോഷണ വണ്ടികളില്‍ കറങ്ങി നടന്നാണ് ഇവര്‍ തുടര്‍ന്നുള്ള മോഷണങ്ങള്‍ നടത്തിയത്. സംഘത്തിലെ മറ്റൊരു പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇയാള്‍ വൈകാതെ പോലീസിന്റെ പിടിയിലാകുമെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പി അറിയിച്ചു.

