തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായതിന് പിന്നാലെ കേരളാ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനെതിരെ ഭൂമി തട്ടിപ്പ് കേസിൽ കോടതി നടപടി. ഡി ജി പി യുടെ ഭാര്യയുടെ പേരിൽ തിരുവനന്തപുരത്തുള്ള ഭൂമി ബാധ്യതയുള്ള കാര്യം മറച്ചുവച്ച് വിൽപ്പന നടത്തിയ കേസിൽ ഭൂമി ജപ്‌തി ചെയ്‌ത് കോടതി. തിരുവനന്തപുരം സബ്കോടതിയാണ് ഭൂമി ജപ്‌തി ചെയ്‌ത് ഉത്തരവിട്ടത്. തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫിന്റെ പരാതിയിലാണ് ജപ്‌തി നടപടി.
2023 ലാണ് പരാതിക്കടിസ്ഥാനമായ ഭൂമിയിടപാട് നടന്നത്. 2 മാസക്കാലാവധിക്ക് അഡ്വാൻസ് നൽകി കരാർ എഴുതിയത്. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും ഭൂമിയിടപാട് പൂർത്തിയാക്കിയില്ല. മാത്രമള്ള കരാറിൽ പറഞ്ഞതിൽ കൂടുതൽ തുക മുൻകൂറായി ഡി ജി പി യുടെ ആവശ്യം അനുസരിച്ചു നൽകിയെന്ന് പരാതിക്കാരൻ പറയുന്നു. മൂന്നു തവണയായി 30 ലക്ഷം രൂപയാണ് അഡ്വാൻസ് നൽകിയത്. 25 ലക്ഷം രൂപ ഡി ജി പിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടുതവണയായി ട്രാൻഫർ ചെയ്‌തു. അഞ്ചു ലക്ഷം രൂപ പണമായി ഡി ജി പി യുടെ ചേമ്പറിൽ വച്ച് അദ്ദേഹത്തിന് കൈമാറി. രണ്ടു ലക്ഷം രൂപയിലധികം പണമായി അഡ്വാൻസ് നൽകുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് അഞ്ചു ലക്ഷം രൂപ തന്റെ ഓഫീസിൽ വച്ച് സംസ്ഥാന പോലീസ് മേധാവിത്തന്നെ കൈപ്പറ്റിയത് എന്നത് ഗുരുതര വീഴ്ചയാണ്. മുൻകൂർ തുക കൈപ്പറ്റി ഒരു വർഷം കഴിഞ്ഞിട്ടും രജിസ്‌ട്രേഷൻ നടക്കാത്തതിനാൽ പരാതിക്കാരൻ നടത്തിയ അന്വേഷണത്തിലാണ് ഭൂമിക്കുമേൽ എസ് ബി ഐ ആൽത്തറ ബ്രാഞ്ചിൽ 26 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്ന് കണ്ടെത്തിയത്.
2023 ജൂൺ 27 നാണ് ഷെയ്ഖ് ദര്‍വേഷ് സാഹെബ് കേരളാ പോലീസ് മേധാവിയായി ചുമതലയേറ്റത്. 1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹെബ് ഐ പി എസ് ഫയര്‍ ആന്‍റ് റെസ്ക്യു ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തിയത്. കേരള കേഡറില്‍ എ.എസ്.പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.
ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമിയില്‍ അസിസ്റ്റന്‍റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐ.ജി ആയിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മീഷണറായും കേരള പോലീസ് അക്കാഡമി ഡയറക്ടറായും പ്രവര്‍ത്തിച്ചു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പോലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ നിലകളിലും കേരള പോലീസ് അക്കാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

