Saturday, December 20, 2025

ശബരിമലയിൽ ദേവസ്വംബോർഡിന്റെ ഗുരുതര വീഴ്ച ? സന്നിധാനത്തെ ആഴി അണഞ്ഞതായി ഭക്തർ !! ഇന്നലെ രാത്രി അണഞ്ഞ ആഴിക്ക് വീണ്ടും തീ പകർന്നത് ഇന്ന് രാവിലെ 11 മണിയോടെ മാത്രം

പത്തനംതിട്ട : ശബരിമലയിൽ ദേവസ്വം ബോർഡിന്റെ ഗുരുതര അനാസ്ഥ. സന്നിധാനത്തെ ആഴി അണഞ്ഞതായി ഭക്തർ പരാതിപ്പെട്ടു. ഇന്നലെ രാത്രി അണഞ്ഞ ആഴിക്ക് ഇന്ന് രാവിലെ 11 മണിയോടെയാണ് വീണ്ടും തീ പകർന്നത്. ആഴി അണഞ്ഞ ശേഷം വീണ നെയ്‌ത്തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്നും ആരോപണമുണ്ട്. മാസപൂജയ്ക്കായി തുറക്കുമ്പോള്‍ മേല്‍ശാന്തി കത്തിക്കുന്ന അഗ്‌നി നടയടക്കുന്നതുവരെ കത്തിനില്‍ക്കണമെന്നിരിക്കെയാണ് ദേവസ്വം ബോർഡിന്റെയും ജീവനക്കാരുടെയും ഗുരുതര അനാസ്ഥയുണ്ടായത്. അതേസമയം പരാതി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

വിശേഷാവസരങ്ങളിലും മാസപൂജാവേളകളിലും ശബരിമല ക്ഷേത്ര നടതുറന്ന് ദീപം തെളിച്ചാല്‍ ഉടന്‍ തന്നെ ആഴിയിലേക്ക് അഗ്‌നി പകരുന്നതാണ് പ്രധാന ചടങ്ങ്. ഇതിന് ശേഷം മാത്രമേ അയ്യപ്പന്മാരെ 18-ാം പടി ചവിട്ടാന്‍ അനുവദിക്കുകയുള്ളൂ. ഇന്നലെ ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്ര നടതുറന്ന് ആഴിയിലേക്ക് അഗ്‌നി പകര്‍ന്നിരുന്നു. എന്നാല്‍ രാത്രിയോടെ അഗ്‌നി കെട്ടുപോയി. ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇന്ന് രാവിലെ 11 മണിയോടെ ഭക്തരാണ് വിഷയം ചൂണ്ടിക്കാണിച്ചത്. തുടര്‍ന്നാണ് വീണ്ടും ആഴിയിലേക്ക് അഗ്‌നിപകര്‍ന്നതെന്നാണ് പരാതി.

Related Articles

Latest Articles