തുപ്പിയിട്ട റൊട്ടി വിളമ്പുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമയെയും തൊഴിലാളിയെയും ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. വിളമ്പുന്നതിന് മുമ്പ് റൊട്ടിയിൽ പാചകക്കാരൻ തുപ്പുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ചൊവ്വാഴ്ച ബജ്‌റംഗ്ദൾ പോലീസിനെ സമീപിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് പറഞ്ഞു.
ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണത്തിൽ തൊഴിലാളികൾ തുപ്പുകയോ മനുഷ്യവിസർജ്യമോ ചേർത്തതായി ആരോപിച്ച് നിരവധി സംഭവങ്ങൾ ഉത്തർപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കളിലും പാനീയങ്ങളിലും മനുഷ്യവിസർജ്യവും ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളും കലർത്തുന്ന കച്ചവടക്കാർക്കെതിരെ പുതിയ നിയമം കൊണ്ടുവരുമെന്ന് യുപി സർക്കാർ പ്രഖ്യാപിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ തടവും പിഴയും ഉറപ്പാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
“ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ധാബകൾ, എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ തടയാൻ മാർഗരേഖകൾ തയ്യാറാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്ആദിത്യനാഥ് . എല്ലാ ഭക്ഷണ ശാലകളിലും, അടുക്കളയിലും ഡൈനിംഗ് ഏരിയകളിലും, സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും കുറഞ്ഞത് ഒരു മാസത്തെ ദൃശ്യങ്ങൾ ജില്ലാ ഭരണകൂടത്തിൻ്റെ ആവശ്യാനുസരണം എല്ലായ്‌പ്പോഴും ലഭ്യമാക്കണം”- യോഗി പറഞ്ഞു.

