Friday, December 19, 2025

ട്രെയിനുകളിൽ ഹലാൽ മാംസം മാത്രം വിളമ്പുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനം ! റെയിൽവേ ബോർഡിന് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ; രണ്ടാഴ്ചയ്ക്കുള്ളിൽ കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണം

ട്രെയിനുകളിലെ നോൺ-വെജിറ്റേറിയൻ മെനുവിൽ ‘ഹലാൽ’ മാംസം മാത്രം ഉൾപ്പെടുത്തുന്നതിനെതിരെ ലഭിച്ച പരാതിയെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ഇന്ത്യൻ റെയിൽവേയ്ക്ക് നോട്ടീസയച്ചു. വിഷയത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടു.

ട്രെയിനുകളിൽ ഹലാൽ മാംസം മാത്രം വിളമ്പുന്നത് മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനം ആണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസിൽ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ ലഭിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേയിൽ ഹലാൽ മാംസം മാത്രം വിളമ്പുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ, പ്രത്യേകിച്ച് ആർട്ടിക്കിൾ 14, 15, 19(1)(g), 21, 25 എന്നിവയുടെ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. സമത്വം, വിവേചനമില്ലായ്മ, തൊഴിൽ സ്വാതന്ത്ര്യം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യം എന്നിവ ഉറപ്പുനൽകുന്ന ഭരണഘടന ആർട്ടിക്കിളുകൾ ആണ് ഇവ. ഇന്ത്യയുടെ മതേതര മനോഭാവത്തിന് അനുസൃതമായി എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കേണ്ടതാണെന്ന് മനുഷ്യാവകാശ കമ്മീഷൻ റെയിൽവേയോട് വ്യക്തമാക്കി. റെയിൽവേ ബോർഡ് ചെയർമാന് അയച്ചിരിക്കുന്ന നോട്ടീസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

നോൺ-വെജിറ്റേറിയൻ മെനുവിൽ ‘ഹലാൽ’ മാംസം മാത്രം വിളമ്പുന്ന നടപടി ചില സമുദായങ്ങളോടുള്ള വിവേചനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ആരോപിച്ച് ഒരാൾ സമർപ്പിച്ച പരാതിയെ തുടർന്നാണ് വിവാദം ഉടലെടുത്തത്. രാജ്യത്തെ ഹൈന്ദവ, സിഖ് സമൂഹങ്ങളുടെ മതപരമായ വിശ്വാസങ്ങളെ അവഗണിച്ചുകൊണ്ട് റെയിൽവേ ‘ഹലാൽ’ മാംസത്തിന് മുൻഗണന നൽകുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഹിന്ദു, സിഖ് യാത്രക്കാർക്ക് അവരുടെ മതവിശ്വാസങ്ങൾക്ക് അനുസരിച്ചുള്ള ഭക്ഷണ തിരഞ്ഞെടുപ്പുകൾ ട്രെയിനുകളിൽ ലഭിക്കുന്നില്ലെന്നും, ഇത് അവരുടെ തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യത്തെയും മതപരമായ അവകാശങ്ങളെയും ബാധിക്കുന്നുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

‘ഹലാൽ’ മാംസം മാത്രം വിളമ്പുന്നത് പരമ്പരാഗതമായി മാംസ വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ള ഹിന്ദു എസ്.സി. സമുദായത്തെയും പ്രതികൂലമായി ബാധിക്കുമെന്നും, റെയിൽവേയുടെ ഈ ‘മുൻഗണന’ അവരുടെ ഉപജീവനമാർഗ്ഗത്തെ നേരിട്ട് ബാധിക്കുമെന്നും പരാതിയിൽ എടുത്തുപറയുന്നു.

വിവിധ വിശ്വാസങ്ങളുള്ളവരുടെ ഭക്ഷണ തിരഞ്ഞെടുപ്പിലുള്ള അവകാശത്തെയും വിശ്വാസങ്ങളെയും റെയിൽവേയും, പൊതുഗതാഗത വാഹനങ്ങൾക്ക് കാറ്ററിംഗ് സേവനം നൽകുന്ന എല്ലാ ഇടനിലക്കാരും ബഹുമാനിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

പരാതിക്കാരന്റെ ആശങ്കകൾ കണക്കിലെടുത്തുകൊണ്ട്, പ്രിയങ്ക് കാനൂംഗോ അദ്ധ്യക്ഷനായ NHRC ബെഞ്ചാണ് റെയിൽവേ ബോർഡ് ചെയർമാന് നോട്ടീസയക്കുകയും അന്വേഷണം നടത്തി നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തത്.

Related Articles

Latest Articles