നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിക്കാതെ ഹര്‍ജി തള്ളുകയായിരുന്നു.
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിൽ തുടരുന്ന തനിക്ക് വിദേശത്ത് പോകാൻ ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഈ മാസം ആറ് മുതല്‍ എട്ട് വരെ ദുബായില്‍ സംഘടിപ്പിച്ച അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനായിരുന്നു യാത്രാനുമതി തേടിയത്.
യാത്രയുടെ തീയതി കഴിഞ്ഞെങ്കിലും ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചിരുന്നെങ്കിൽ സൗബിൻ ഷാഹിറിന് അതൊരു ആശ്വാസമാകുമായിരുന്നു. ജാമ്യവ്യവസ്ഥയിൽ ഇളവ് നിഷേധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ നല്‍കാന്‍ ഹൈക്കോടതി നേരത്തെ തയ്യാറായിരുന്നില്ല. നാൽപതു ശതമാനം ലാഭ വിഹിതം വാഗ്‌ദാനം ചെയ്‌ത മഞ്ഞുമ്മൽ ബോയ്‌സിൻ്റെ സൗബിൻ ഉൾപ്പെടെയുള്ള നിർമാതാക്കൾ, കോടിക്കണക്കിനു രൂപ കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്ന അരൂർ സ്വദേശിയുടെ പരാതിയിലായിരുന്നു കേസ്. പൊലീസിൻ്റെ റിപ്പോർട്ടും പ്രതികൾക്ക് എതിരായിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ നൽകിയെന്നും, ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതിക്കാരന്റെ ആരോപണം.

