ദില്ലി : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ന്യൂറോ സർജറി വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.
ദില്ലി എംയിസിലെ ന്യൂറോസർജൻ ഡോക്ടർ അമോൽ റഹേജയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജ്നാഥ് സിംഗിനെ ചികിത്സിക്കുന്നത്. എംആർഐ പരിശോധനകൾ ഉൾപ്പെടെയുള്ളവ നടത്തിയതായും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എയിംസ് അധികൃതർ അറിയിച്ചു. ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കടുത്ത നടുവേദന അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. വിദഗ്ധ പരിശോധനകൾക്ക് ശേഷം അദ്ദേഹത്തിന് ഇന്ന് തന്നെ ആശുപത്രി വിടാനാകുമെന്നാണ് എയിംസ് അധികൃതർ അറിയിക്കുന്നത്.

