കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയ്ക്കെതിരായ ജൂനിയർ ആർട്ടിസ്റ്റിന്റെ പരാമർശത്തിൽ പോലീസിൽ പരാതി മകൻ നിസാർ മാമുക്കോയ.കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് നിസാർ പരാതി നൽകിയത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി സ്ത്രീകൾ സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു. ഇതിൽ നടന്മാരായ ഇടവേള ബാബു, സുധീഷ്, മാമുക്കോയ, അന്തരിച്ച സംവിധായകൻ ഹരികുമാർ എന്നിവർക്കെതിരെ ജൂനിയർ ആർട്ടിസ്റ്റായ നടി ആരോപണം ഉന്നയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. പിന്നാലെ ഇവരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തുകയും സുധീഷിനും ഇടവേള ബാബുവിനുമെതിരെ നടക്കാവ് പോലീസ് കേസെടുക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് നടിക്കെതിരെ മാമുക്കോയയുടെ മകൻ പരാതി നൽകിയത്. അപവാദപ്രചാരണം നടത്തിയതിന് നടപടി സ്വീകരിക്കണമെന്നാണ് നിസാറിന്റെ പരാതിയിൽ ആവശ്യപ്പെടുന്നത്. മരിച്ചു പോയ പിതാവിന് മോശം പേരുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂനിയർ ആർട്ടിസ്റ്റ് ആരോപണമുന്നയിച്ചിരിക്കുന്നത് എന്നും പരാതിയിൽ പറയുന്നു.

