എറണാകുളം : ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. നടിയുടെ പരാതിയില്‍ കൊച്ചി നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, അന്വേഷണസംഘം നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണസംഘം കൊൽക്കത്തയിലേക്ക് പോകുമെന്നാണ് വിവരം. എന്നാൽ, ഓൺലൈനായി മൊഴി രേഖപ്പെടുത്താനുള്ള നിയമസാധ്യതയും സംഘം പരിശോധിക്കുന്നുണ്ട്. ഇതോടൊപ്പം, എറണാകുളം സിജെഎം കോടതിയിൽ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തീകരിക്കും. തിങ്കളാഴ്ചയാണ് ഇമെയില്‍ വഴി നടി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

