Saturday, December 20, 2025

ലൈംഗികാതിക്രമക്കേസ്‌ ! നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും ; ചോദ്യം ചെയ്യൽ അന്തിമ ഉത്തരവിന് ശേഷം മാത്രം മതിയെന്ന തീരുമാനത്തിൽ പ്രത്യേക അന്വേഷണസംഘം

യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ ​പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് പ്രത്യേക അന്വേഷണസംഘം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു. സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്.

ഏഴ് ദിവസം ഒളിവിൽ കഴിഞ്ഞതിന് ശേഷം വെളിച്ചത്തേക്ക് വന്ന സിദ്ദിഖ് തുടർ നിയമനടപടികളി‍ൽ വിശദമായ ഉപദേശം തേടിയിരുന്നു. എന്നാൽ ദൃതിപിടിച്ചുള്ള ചോദ്യം ചെയ്യൽ വേണ്ടെന്ന തീരുമാനത്തിലാണ് കേസ് അന്വേഷിക്കുന്ന സംഘം. സുപ്രീംകോടതിയിൽ നിന്ന് അന്തിമ ഉത്തരവ് വരുന്നതിന് മുൻപ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാൽ കേസിന്റെ പുരോഗതിയിൽ പോലീസ് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ .

സിദ്ദിഖിന്റെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യണമെന്നും സുപ്രിംകോടതിയെ ബോധിപ്പിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. നടൻ സ്വമേധയാ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തലും അന്തിമ ഉത്തരവിന് ശേഷം മതിയെന്ന് അന്വേഷണസംഘം തീരുമാനിച്ചിരുന്നു.

Related Articles

Latest Articles