യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നടന് നോട്ടീസ് നൽകി. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനെത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം നാർക്കോട്ടിക് സെൽ എസിയാണ് നോട്ടീസ് നൽകിയത്.
സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം നേടി ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുളള നീക്കം നടക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്നറിയിച്ച് സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകിയിരുന്നു. ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകാത്ത സാഹചര്യത്തിലാണ് കത്ത് നൽകിയത്. വരുന്ന 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം സിദ്ദിഖ് അറിയിക്കും. അതേസമയം കേസിൽ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് പോകുന്നത് മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയുടെ അന്തിമ തീർപ്പിന് ശേഷം മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ തീരുമാനം.

